rahul-gandhi-on-sabarimal

തിരുവനന്തപുരം: ഇന്ന് കൊച്ചിയിലെത്തുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ശബരിമല വിഷയത്തിൽ നിർണായക പ്രഖ്യാപനം നടത്താൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നതായി സൂചന. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാനായി നിയമനിർമ്മാണം നടത്തുമെന്ന് രാഹുൽ ഗാന്ധി ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കേരളത്തിൽ ശക്തമായ ഭീഷണി ഉയർത്തുന്ന ബി.ജെ.പി യെ മലർത്തിയടിക്കാൻ ഈ പ്രഖ്യാപനത്തിന് കഴിയുമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ നിയമനിർമ്മാണം നടത്താൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ശ്രമിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഹുൽ ഗാന്ധി യുവതീ പ്രവേശനത്തിനനുകൂലമായി നടത്തിയ പ്രസ്താവന കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കൂടിയാണ് ശബരിമലയ്ക്കനുകൂലമായ പ്രസ്താവന നടത്താൻ രാഹുലിനോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നതത്രേ.