ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ ഒ.ആർ.ഒ.പി (OROP) പരാമർശത്തിന് മറുപടിയുമായി ജമ്മുകശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളള രംഗത്തെത്തി. വൺ റാങ്ക് വൺ പെൻഷൻ എന്നത് കോൺഗ്രസിലാണെങ്കിൽ ഒൺലി രാഹുൽ ഒൺലി പ്രിയങ്ക എന്ന് മാത്രമാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിന് മറുപടിയായി രാജ്യം ഒഡോമോസ് (ODOMOS)അധികമായതിനെ തുടർന്ന് ദുരിതത്തിലാണെന്നാണ് ഒമർ അബ്ദുള്ള പരിഹസിച്ചത്. 'ഒഡോമോസ്' എന്നാൽ ഓവർ ഡോസ് ഓഫ് ഒൺലി മോദി ഓൺലി അമിത് ഷാ എന്നാണെന്നും ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.
ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരിഹാസം. കോൺഗ്രസ് ഭരണത്തിൽ രാജ്യത്തെ സൈനിക വിഭാഗങ്ങൾ അവഗണിക്കപ്പെട്ടന്ന് ചൂണ്ടിക്കാട്ടിയാണ് അമിത്ഷായുടെ ആരോപണം. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒരു വർഷം കൊണ്ട് സൈന്യത്തിൽ ഒ.ആർ.ഒ.പി അഥവാ ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി നടപ്പാക്കി. കോൺഗ്രസും ഇതേ ഒ.ആർ.ഒ.പി നടപ്പാക്കുകയും പിന്തുടരുകയും ചെയ്‌തു. അതിനർത്ഥം 'ഒൺലി രാഹുൽ ഒൺലി പ്രിയങ്ക' എന്നാണെന്നായിരുന്നു അമിത്ഷാ പരിഹസിച്ചത്.