ഗോവ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുമായി കൂടിക്കാഴ്‌ച നടത്തി. ഗോവൻ നിയമസഭയിലെത്തിയ അദ്ദേഹം പരീക്കറുമായി മിനിട്ടുകളോളം കൂടിക്കാഴ്‌ച നടത്തി. ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള റാഫേൽ കരാറിൽ നടന്ന അഴിമതിയിലെ നിർണായക വിവരങ്ങൾ പരീക്കറുടെ കൈവശമുണ്ടെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഇരുവരും തമ്മിൽ എന്തൊക്കെ കാര്യങ്ങളാണ് ചർച്ച ചെയ്‌തതെന്ന് വ്യക്തമല്ല. റാഫേൽ കരാർ സംബന്ധിച്ച എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടായോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. എന്നാൽ സൗഹൃദപരമായ സന്ദർശനമാണിതെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളും ഗോവൻ കോൺഗ്രസ് ഘടകവും നൽകുന്ന സൂചന.
റാഫേൽ കരാറിൽ അഴിമതി നടന്നുവെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ മനോഹർ പരീക്കറുടെ കൈവശമുണ്ടെന്ന് രാഹുൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ആഡിയോ ടേപ്പിൽ കേസ് എടുക്കാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.ടേപ്പിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ സത്യമാണെന്നാണ് ഇത് തെളിയിക്കുന്നത്. റാഫേൽ കരാർ സംബന്ധിച്ച നിർണായക വിവരങ്ങൾ പരീക്കറുടെ കൈവശമുള്ളത് കൊണ്ടാണ് അദ്ദേഹത്തിന് മോദിയേക്കാൾ അധികാരം ലഭിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന കൂടിക്കാഴ്‌ചയാണ് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.