മൗണ്ട് മൗംഗാനൂയി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ കൊഹ്‌ലിപ്പട കിവികളെ കീഴടക്കിയത് ഏഴ് വിക്കറ്റിനാണ്. ഒപ്പം പരമ്പരയും സ്വന്തമാക്കി. ഈ വിജയത്തിനു പിന്നാലെ മൗണ്ട് മൗംഗാനൂയിയിൽ വനിതാ ടീമിനും ചരിത്ര വിജയം. ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയത്തോടെ ഇന്ത്യൻ വനിതാ ടീമിനും പരമ്പര നേട്ടം. എട്ടു വിക്കറ്റിനാണ് ഇക്കുറി ഇന്ത്യൻ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 44.2 ഓവറിൽ 161 റൺസിന് എല്ലാവരും പുറത്തായി.
82 പന്തുകൾ നേരിട്ട സ്‌മൃതി മന്ദാന, 13 ബൗണ്ടറിയും ഒരു സിക്സും സഹിതം 90 റൺസുമായി പുറത്താകാതെ നിന്നു.111 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം മിതാലി 63 റൺസ് നേടി. 20.4 ഓവർ ക്രീസിൽ നിന്ന മിതാലിയും മന്ദാനയും 151 റൺസ് കൂട്ടിച്ചേർത്തു. പരമ്പരയിലെ മൂന്നാം മൽസരം ഫെബ്രുവരി ഒന്നിന് ഹാമിൽട്ടണിൽ നടക്കും.