ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി ഒരു അവസാന ശ്രമം കൂടി നടത്തിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സർക്കാരിലെ ഭിന്നത മറനീക്കി പുറത്ത് വന്നതോടെയാണ് പുതിയൊരു നീക്കത്തിന് കൂടി ബി.ജെ.പി ശ്രമിക്കുന്നത്. ഫെബ്രുവരി 8ന് ആരംഭിക്കുന്ന സംസ്ഥാന ബഡ്‌ജറ്റിന് മുമ്പ് മുൻമന്ത്രി രമേഷ് ജാർക്കോളി അടക്കം ആറ് വിമത കോൺഗ്രസ് എം.എൽ.എമാർ രാജിവയ്‌ക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ തവണത്തെ മന്ത്രിസഭാ പുനസംഘടനയിൽ അർഹമായ പ്രാതിനിധ്യം കിട്ടാതായതോടെയാണ് ആറ് എം.എൽ.എമാർ വിമതസ്വരമുയർത്തിയത്. ഇതിൽ നാല് പേർ മുംബയിലും ഒരാൾ പൂനെയിലും മറ്റൊരാൾ ഗോവയിലെ സ്വകാര്യ റിസോർട്ടിലുമുണ്ടെന്നാണ് വിവരം. സംസ്ഥാന ബഡ്‌ജറ്റിനോട് അനുബന്ധിച്ച് ഇവർ ആറ് പേരുമെത്തി രാജി സമർപ്പിക്കുമെന്നാണ് വിവരം. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആറ് എം.എൽ.എമാർ രാജിവയ്‌ക്കുന്നതോടെ ഏഴ് മാസം മാത്രം പ്രായമായ സഖ്യസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇതോടെ കാര്യങ്ങൾ ഗവർണർ വാജുഭായ് വാലയുടെ കോർട്ടിലാകും.
224 അംഗ നിയമസഭയിൽ കോൺഗ്രസിന് 80ഉം ജെ.ഡി.എസിന് 37ഉം സീറ്റുകളാണുള്ളത്. ഒരു ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്രരും സർക്കാരിന് പിന്തുണ നൽകിയിരുന്നു. എന്നാൽ പിന്നീട് രണ്ട് സ്വതന്ത്രർ പിന്തുണ പിൻവലിച്ചു. ബി.ജെ.പിക്ക് 104 എം.എൽ.എമാരുണ്ട്. സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പിക്ക് 11 എം.എൽ.എമാരുടെ പിന്തുണ കൂടി വേണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറുമെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ അവകാശവാദം. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നാണ് സൂചന. തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടാൽ പ്ലാൻ ബിയിലൂടെ തിരിച്ച് പണി നൽകുമെന്നാണ് കോൺഗ്രസിന്റെ നിലപാട്.