സൂപ്പർ സ്‌റ്റാർ പദവിയിലെത്തിയാൽ വന്ന വഴി മറക്കുന്നവരാണ് സിനിമാക്കാരെന്ന് പൊതുവേയുള്ള ആക്ഷേപമാണ്. കഷ്‌ടതകൾ നിറഞ്ഞ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കാനോ പാവപ്പെട്ടവരെ സഹായിക്കാനോ ഇവർ തയ്യാറാകില്ലെന്നും ആരോപണങ്ങളുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തനാവുകയാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന തമിഴ് താരം വിജയ് സേതുപതി. നിരവധി ഹിറ്റ് സിനിമകളിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ താരം തന്റെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലൂടെയും മാതൃകയാവുകയാണ്.
സിനിമാ ചിത്രീകരണത്തിനായി ആലപ്പുഴയിലെത്തിയ താരം തന്നോട് സഹായം ചോദിച്ചെത്തിയ വൃദ്ധയോട് നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ ആരാധകരോടൊപ്പം ഫോട്ടോയെടുക്കുന്നതിനിടെയാണ് ഒരു വൃദ്ധയെ ജനക്കൂട്ടത്തിനിടയിൽ വച്ച് താരം കാണുന്നത്. വൃദ്ധ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട താരം അങ്ങോട്ട് ചെല്ലുകയും എന്താണെന്ന് തിരക്കുകയും ചെയ്‌തു. മരുന്ന് വാങ്ങാൻ പൈസയില്ല മോനേ എന്ന് വൃദ്ധ പറഞ്ഞതോടെ താരം തന്റെ കൂടെയുണ്ടായിരുന്ന സഹായികളോട് പണം നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ കോസ്‌റ്റ്യൂമർ ഇബ്രാഹിമിന്റെ പേഴ്സ് വാങ്ങി തുക എത്രയാണെന്ന് പോലും നോക്കാതെ വൃദ്ധയ്‌ക്ക് നൽകുകയായിരുന്നു. ആരാധകർ നിറഞ്ഞ കൈകളോടെയാണ് താരത്തിന്റെ ഈ പ്രവർത്തനത്തെ സ്വീകരിച്ചത്. താരജാഡകളിൽ അഭിരമിക്കുന്ന സിനിമാ നടന്മാർക്ക് മാതൃകയാണ് മക്കൾ സെൽവനെന്നാണ് ആരാധകരുടെ അഭിപ്രായം.