ന്യൂഡൽഹി: ക്രിക്കറ്റ് കളിക്കാർ വിരാട് കൊഹ്ലിയെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. കളിക്കാർക്ക് മാത്രമല്ല കമിതാക്കൾക്കും ദമ്പതിമാർക്കുമൊക്കെ കൊഹ്ലിയിൽ നിന്ന് കണ്ടുപഠിക്കാനേറെ. നേരത്തേ തന്നെ കാമുകന്മാർ കൊഹ്ലിയെ മനസാ ഗുരുവായി സ്വീകരിച്ചതാണെങ്കിലും മത്സരങ്ങളുടെ ഇടവേളകളിൽ ഭാര്യയോടൊപ്പം എങ്ങനെ ചെലവിടുന്നു, അതിനുള്ളകാരണം തുടങ്ങിയവയൊക്കെ വിശദീകരിച്ച് ഒരു വെബ്സൈറ്റിൽ കുറിപ്പിട്ടതോടെ ദമ്പതികളുടെയും മാതൃകാ പുരുഷനായി.
ആൾക്കാരുടെ കണ്ണിൽപ്പെടാതെ, തികച്ചും സാധാരണക്കാരനായി ആളൊഴിഞ്ഞ സുന്ദരമായ ഒരു സ്ഥലത്ത് ഭാര്യ അനുഷ്ക ശർമ്മയോടൊപ്പം ശാന്തമായി ഇരിക്കാനാണ് ഏറെ താത്പര്യമെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസിലൻഡിലെ തുറമുഖനഗരമായ നേപ്പിയറിൽ ഭാര്യയോടൊപ്പം എത്തിയ നിമിഷങ്ങളെക്കുറിച്ചായിരുന്നു കുറിപ്പ്.
ആ രാത്രിയിൽ മനോഹരമായ ബീച്ചിലെ ബഞ്ചിൽ ആകാശത്തിലെ പൂർണചന്ദ്രനെ നോക്കിയിരുന്നപ്പോൾ മനസിന് വല്ലാത്ത ശാന്തതയാണ് ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാനസികസന്തോഷം വർദ്ധിക്കും.അത് കളിയിലും പ്രകടമാകും.തിരക്കുകളിൽ അമർന്ന് നടന്നാൽ ഒരിക്കലും സന്തോഷമുണ്ടാകില്ല... എങ്ങനെയുണ്ട് ഐഡിയ. ഇതിനകം കൊഹ്ലിയുടെ കുറിപ്പ് വൈറലാവുകയും ചെയ്തു.
നീണ്ടനാളത്തെ പ്രണയത്തിനുശേഷമായിരുന്നു കൊഹ്ലിയും അനുഷ്കയും 2017ൽ വിവാഹിതരായത്. ഇവർ ഒരുമിച്ചുള്ള മുഹൂർത്തങ്ങൾ ഒപ്പിയെടുക്കാൻ ഫോട്ടോഗ്രാഫർമാരുടെ ഇടിയാണ്. ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യും.