-mm-mani

തൊടുപുഴ: മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാനെന്ന പേരിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം. മണി. പൊലീസുകാർ പാർട്ടി ഓഫീസുകളിൽ കയറി നിരങ്ങേണ്ട കാര്യമില്ല ചൈത്രയ്‌ക്കു വിവരക്കേടെന്നും മന്ത്രി എം.എം. മണി പറഞ്ഞു. അതേസമയം, ചൈത്രയ്ക്കെതിരായ റിപ്പോർട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം നൽകിയ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയില്ലെന്നാണ് സൂചന. നടപടിയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്‌ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ മുഖ്യമന്ത്രി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു‍. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്‌ത്തി കാണിക്കുന്ന പ്രവണത ചിലർക്കുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്ഡിനെ ഇത്തരത്തിലാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്കും കഴിഞ്ഞ ദിവസം റിപ്പോർട്ട് കെെമാറിയിരുന്നു. റെയ്ഡിൽ നിയമപരമായി തെറ്റി‌ല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽകയറി റെയ്ഡ് നടത്തുമ്പോൾ അൽപം കൂടി ജാഗ്രത ഡി.സി.പി കാണിക്കണമായിരുന്നുവെന്ന് എ.ഡി.ജി.പി പരാമർശമുണ്ട്.

അതേസമയം, ചട്ടങ്ങൾ പാലിച്ചായിരുന്നു റെയ്ഡ് എന്നാണ് ചൈത്ര അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വിശ്വസനീയ വിവരമനുസരിച്ചായിരുന്നു പരിശോധന. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴിയെടുക്കുന്നതിനിടെ അവർക്കു ലഭിച്ച ഫോൺകാളിൽ നിന്ന് പ്രതികൾ പാർട്ടി ഓഫിസിലുണ്ടെന്നു വ്യക്തമായി. പരിശോധനയ്‌ക്കു പിന്നാലെ കോടതിയിൽ സമർപ്പിച്ച സെർച്ച് റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൈത്രയുടെ റിപ്പോർട്ടിൽ പറയുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡിൽ പങ്കെടുത്ത പൊലീസുകാരിൽ നിന്നു കൂടി മെഴിയെടുത്ത ശേഷമാണ് എ.ഡി.ജി.പി റിപ്പോർട്ട് സമർപ്പിച്ചത്.

പോക്‌സോ കേസിൽ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്‌ത ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ കാണാൻ അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷനു നേരെ കല്ലേറു നടത്തിയിരുന്നു. ഇവരെ തേടിയായിരുന്നു റെയ്ഡ്.