ഭോപ്പാൽ: വിവാഹത്തിന് സാരി ഉടുക്കാൻ വധു തയ്യാറായില്ല. ഇതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയായി. ഒടുവിൽ വിവാഹവും വേണ്ടെന്നുവച്ചു. മദ്ധ്യപ്രദേശിലെ രത്ലാമിലാണ് സാരി വില്ലനായത്. വർഷ സൊനാവ, വല്ലഭ് പഞ്ചോളി എന്നിവരാണ് വിവാഹിതരാവാനിരുന്നത്. വരൻ എൻജിനീയറും വധു സർക്കാർ ജീവനക്കാരിയുമാണ്.
നേരത്തേ ഇരു വീട്ടുകാരും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ബന്ധുക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. ചടങ്ങ് തുടങ്ങി അല്പം കഴിഞ്ഞതോടെ വരന്റെ വീട്ടുകാരാണ് പ്രശ്നം തുടങ്ങിയത്. വധു ധരിച്ച വേഷം ശരിയായില്ലെന്ന് വരന്റെ കൂട്ടുകാരിൽ ചിലർ പറഞ്ഞു.ബന്ധുക്കളിൽ ചിലരും ഇത് സമ്മതിച്ചു.
വേഷം മാറ്റിയേ പറ്റൂ എന്ന് അവർ നിർബന്ധം പിടിച്ചു. ധരിച്ചിരിക്കുന്ന ഗൗൺ മാറ്റി സാരി ഉടുക്കാനായിരുന്നു നിർദ്ദേശം. കൂടാതെ സാരിത്തലപ്പുകൊണ്ട് തല മറയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതുകേട്ടതോടെ വധു കലിതുള്ളി. എന്തുസംഭവിച്ചാലും വേഷംമാറുന്ന പ്രശ്നമേ ഇല്ലെന്ന് വധു ഉറപ്പിച്ചുപറഞ്ഞു. വരന്റെ കൂട്ടർ ഇതിനെ എതിർത്തു.
അതോടെ വധുവിനെ അനുകൂലിച്ച് അവരുടെ ബന്ധുക്കളെത്തി. അല്പം കഴിഞ്ഞതോടെ കൂട്ട അടിയായി. കുട്ടികൾ ഉൾപ്പെടെയുള്ളവർ ചിതറിയോടി. ചിലർ ഭക്ഷണവും വലിച്ചെറിഞ്ഞു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തനിക്ക് ഇൗ വിവാഹം വേണ്ടെന്ന് വധു വാശിപിടിച്ചു. വരന്റെ കൂട്ടരുടെ നിലപാടും ഇതായിരുന്നു. പൊലീസിന്റെ മധ്യസ്ഥതയിൽ മണിക്കൂറുകളോളം ചർച്ച നടന്നെങ്കിലും ഫലമുണ്ടായില്ല.