shanavas-about-actress-sh

മലയാള സിനിമ കണ്ട ഏറ്റവും വലിയ താരജോഡികളിലൊന്നായിരുന്നു പ്രേം നസീറും ഷീലയും. എന്നാൽ ഒരു സിനിമയിൽ തനിക്ക് നസീറിനേക്കാൾ പ്രതിഫലം ലഭിച്ചുവെന്ന് നടി ഷീല അടുത്തിടെ പറഞ്ഞത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അതേസമയം, ഷീലയ്ക്ക് ഒരിക്കലും പ്രേം നസീറിനേക്കാൾ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മകനും നടനുമായ ഷാനവാസ് വ്യക്തമാക്കി. കൗമുടി ടി.വിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ. ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരുടെ തോന്നൽ മാത്രമായിരിക്കും. അന്നും ഇന്നും നായകന്മാരേക്കാൾ പ്രതിഫലം വാങ്ങുന്ന നായികമാർ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതെല്ലാം വയസായപ്പോൾ പേരെടുക്കാൻ വേണ്ടി പറയുന്നതാണ്. ഇതേ കാര്യം നസീർ ജീവിച്ചിരിക്കുമ്പോൾ പറഞ്ഞുവെങ്കിൽ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാൻ ഇഷ്ടമല്ല. കൂടുതൽ വാങ്ങുകയാണെങ്കിൽ വാങ്ങിക്കോട്ടെ എന്നേ അദ്ദേഹം പറയൂ.നസീറിനെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വീട്ടിൽ ചർച്ച ചെയ്യാറില്ലെന്ന് ഷാനവാസ് പറഞ്ഞു.ഞാൻ ഒരിക്കലും അതൊന്നും വീട്ടിൽ സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല. ഗോസിപ്പുകളൊന്നും ഞങ്ങൾക്ക് വിഷയമല്ലായിരുന്നു. ആരും അങ്ങനെ വീട്ടിൽ സംസാരിക്കുന്നത് താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. നസീറും ഷീലയും ഏറ്റവും ആഘോഷിക്കപ്പെട്ട താരജോടിയായിരുന്നുവെങ്കിലും തനിക്കിഷ്ടം ശാരദയ്ക്കും ജയഭാരതിക്കുമൊപ്പമുള്ള സിനിമകളാണെന്നും ഷാനവാസ് കൂട്ടിച്ചേർത്തു.