കൊച്ചി: എതിർകക്ഷിയുമായി ചേർന്ന് സർക്കാർ ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഭരണപരിഷ്‌ക്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ ആരോപിച്ചു. ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസ് തീർപ്പാക്കിയ കീഴ്‌ക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.
അട്ടിമറിക്കേസ് അവസാനിപ്പിക്കുകയാണെന്ന തരത്തിൽ കീഴ്കോടതികളിൽ നിന്ന് ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകാൻ തയാറാവാത്തതാണ് വി.എസിന്റെ ആരോപണത്തിന് കാരണം. എന്നാൽ, കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾക്കു വേണ്ടി സമയം കളയാനില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് മാർച്ച് അഞ്ചിലേക്ക് മാറ്റിവച്ചു.