കേപ്ടൗൺ: മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്താരം ജാക്ക് കാലിസും ഭാര്യയും മാലിദ്വീപുകളിൽ അടിച്ചുപൊളിച്ചുള്ള മധുവിധു ആഘോഷത്തിലാണ്. വിവാഹം കഴിക്കാൻ അല്പം താമസിച്ചുപോയതിന്റെ വാട്ടം തീർക്കുന്ന രീതിയിലാണ് ആഘോഷമെന്നാണ് അടുപ്പക്കാർ പറയുന്നത്. കഴിഞ്ഞദിവസം ഭാര്യ ചാർളി ഏഞ്ചൽസിനെ എടുത്തുയർത്തിനിൽക്കുന്ന ചിത്രം കാലിസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതോടെ കൂട്ടുകാർ പറഞ്ഞതിൽ അല്പംപോലും തെറ്റില്ലെന്ന് എല്ലാവർക്കും ബോധ്യമായി.
പ്രണയം വ്യക്തമാക്കുന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റുചെയ്തത്. ജീവിതാവസാനംവരെ ഭാര്യയോടൊപ്പം കഴിയാനാണ് ആഗ്രഹമെന്നാണ് നാൽപ്പത്തിമൂന്നുകാരനായ കാലിസ് പറയുന്നത്. മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒരുമിക്കാൻ തീരുമാനിച്ചത്. ഇവരുടെ വിവാഹം ഉടനുണ്ടെന്ന് നേരത്തേ പലതവണ കേട്ടിരുന്നതാണ്. പ്രണയബന്ധം തുടങ്ങിയത് എങ്ങനെയെന്ന് വ്യക്തമല്ല. വ്യക്തിപരമായ കാര്യങ്ങൾ കാലിസ് ഏറ്റവും അടുപ്പക്കാരോടുപോലും പറഞ്ഞിരുന്നില്ല.ചികഞ്ഞെടുക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചപ്പോഴൊന്നും പിടികൊടുത്തിട്ടില്ല. ഗോസിപ്പുകൾ ഉണ്ടാവാതിരിക്കാനും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും കാലിസിന്റെ ആരാധകരുടെ എണ്ണത്തിൽ കുറവില്ല. മധുവിധുചിത്രങ്ങൾ വൈറലായതുതന്നെ ഇതിന് തെളിവ്. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിറുത്തണം എന്ന പക്ഷക്കാരനാണ് അദ്ദേഹം. അവസാന മത്സരത്തലെ മിന്നും പ്രകടനം തന്നെ ഇതിനുതെളിവ്. നിരവധി റെക്കാഡുകളുടെ ഉടമയാണ് കാലിസ്.