എൻട്രി ലെവൽ ക്രൂസർ ബൈക്കുകളുടെ ലോകത്തെ സൂപ്പർതാരമായിരുന്നു 1980കളിൽ റിബൽ. മൂന്ന് പതിറ്റാണ്ടിനിപ്പുറം പുതുജീവൻ പകർന്ന് റിബലിനെ വീണ്ടും അവതരിപ്പിക്കുകയാണ് ഹോണ്ട. റിബൽ 500 സി.സി., റിബൽ 300 സി.സി വേരിയന്റുകളാണ് ഹോണ്ട വിപണിയിലെത്തിക്കുന്നത്. ഏറെ അനായാസമായി, തിരക്കുള്ള സിറ്രി നിരത്തുകളിൽ പോലും ഓടിക്കാമെന്നതായിരുന്നു പഴയകാല റിബലിന്റെ പ്രധാന മികവ്. ഇതേഗുണം അതേപടി നിലനിറുത്തിയാണ് പുത്തൻ റിബലിനെ ഹോണ്ട വിപണിക്ക് പരിചയപ്പെടുത്തുന്നത്.
സി.ബി 500 ഫാമിലിയിലാണ് റിബൽ 500നെ ഹോണ്ട അവതരിപ്പിക്കുന്നത്. 45 എച്ച്.പി കരുത്തുള്ള, ലിക്വിഡ് - കൂളായ, 471 സി.സി എൻജിനാണ് റിബൽ 500നുള്ളത്. ഹോണ്ടയുടെ സ്‌പോർട്‌സ് ബൈക്കായ സി.ബി.ആർ 500 ആറിലെ എൻജിനാണ് റിബൽ 500നായി കടംകൊണ്ടിരിക്കുന്നത്. 6000 ആർ.പി.എമ്മിൽ 44.6 ന്യൂട്ടൺ മീറ്ററാണ് പരമാവധി ടോർക്ക്. 6 - സ്‌പീഡ് ഗിയർബോക്‌സും റിബൽ 500ന് നൽകിയിരിക്കുന്നു. സി.ബി.ആർ 300ലെ 286 സി.സി., സിംഗിൾ സിലിണ്ടർ, വാട്ടർ കൂളായ എൻജിൻ റിബൽ 300നെയും നിയന്ത്രിക്കുന്നു. ഇരു ബൈക്കുകളിലും 4 - വാൽവ്, ഡി.ഒ.എച്ച്.സി., ഫ്യുവൽ - ഇൻജക്‌റ്റഡ് എൻജിനുകളാണുള്ളത്.
ആരെയും ആകർഷിക്കുന്ന, അതിമനോഹര രൂപകല്‌പനയാണ് പുത്തൻ റിബലിന് ഹോണ്ട നൽകിയിരിക്കുന്നത്. ക്രൂസറുകളുടെ തനത് രൂപകല്‌പനയെങ്കിലും അതിൽ പഴയമയുടെ ഭംഗിയും ഹോണ്ടയുടെ കരവിരുതും വിദഗ്ദ്ധമായി കൂട്ടിയിണക്കിയിട്ടുണ്ട്. സ്‌റ്റീൽ ഡയമണ്ട് ഫ്രെയിമും 16 - ഇഞ്ച് അലോയ് വീലുകളും (എ.ബി.എസ് ഓപ്‌ഷണലാണ്) സീറ്രിംഗ് പൊസിഷനിൽ നിന്ന് ഏറെ ഉയർത്തി സജ്ജീകരിച്ചിരിക്കുന്ന ഇന്ധനടാങ്കും ഡിസ്‌ക് ബ്രേക്കുകളും വൃത്താകൃതിയുള്ള ഹെഡ്‌ലൈറ്റും രൂപക്‌പനയ്‌ക്ക് നല്ല പ്രൗഢി പകരുന്നു.
പൊക്കം കുറഞ്ഞവർക്ക് പോലും അനായാസമായി റൈഡ് ചെയ്യാനാകും വിധമാണ് സീറ്റിംഗ് പൊസിഷൻ. 165 മുതൽ 185 കിലോഗ്രാം വരെയാണ് ബൈക്കിന്റെ ഭാരം. ശ്രേണിയിലെ ഭാരം കുറഞ്ഞതും ഏറെ സുഖമായി റൈഡ് ചെയ്യാൻ സാധിക്കുന്നതുമായ ബൈക്കാണ് റിബൽ എന്ന് പറയാം. മിനി ക്രൂസർ ശ്രേണിയിലെ അതികായ മോഡലായ ബജാജ് അവെഞ്ചറിനെയാണ് വിപണിയിൽ റിബൽ എതിരിടുക. റോയൽ എൻഫീൽഡിന്റെ തണ്ടർ ബേഡിനും റിബൽ വെല്ലുവിളിയാകും. റിബലിന് 2.25 ലക്ഷം രൂപ മുതൽക്കാണ് വില പ്രതീക്ഷിക്കുന്നത്. എന്നാൽ വാഹനം എപ്പോഴാണ് നിരത്തിലെത്തുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ഡിസംബറോടെ വാഹനം വിപണിയിൽ എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഹോണ്ടയുടെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.