ബീജിംഗ്: മികച്ച പ്രവർത്തനം കാഴ്ചവച്ചാൽ സമ്മാനങ്ങൾ ഉറപ്പ്. ഒരു ചൈനീസ് കമ്പനി മികച്ച പ്രകടനം നടത്തിയവർക്ക് നൽകാനായി ഒരുക്കിയത് നോട്ടുമലയാണ്. ജിയാങ്സി പ്രവിശ്യയിലെ നഞ്ചാംഗ് പട്ടണത്തിലെ സ്റ്റീൽ പ്ലാന്റാണ് നോട്ടുമല ഒരുക്കി ഞെട്ടിപ്പിച്ചത്. 34 കോടി രൂപയുടെ നോട്ടാണ് ഇതിനുവേണ്ടിവന്നത്. ഇൗ തുക 5000 തൊഴിലാളികൾക്ക് വീതംവച്ചുനൽകുകയായിരുന്നു. ഒരു തൊഴിലാളിക്ക് 62 ലക്ഷം രൂപയാണ് ലഭിച്ചത്.
ഇത് ആദ്യമായല്ല ചൈനീസ് കമ്പനി ഇത്തരത്തിൽ തൊഴിലാളികൾക്ക് ബോണസ് നൽകുന്നത്. കഴിഞ്ഞവർഷം ഒരു കമ്പനി പണം കൂമ്പാരമായി കൂട്ടിയിട്ടശേഷം തൊഴിലാളികളോട് ആവശ്യമുള്ളത് വാരിയെടുക്കാനായിരുന്നു ആവശ്യപ്പെട്ടത്.കൈയിൽ കിട്ടുന്നത് മുഴുവൻ കൊണ്ടുപോകാനും അനുവദിച്ചിരുന്നു. സ്പ്രിംഗ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് കമ്പനികൾ ബോണസ് നൽകുന്നത്.
ബോണസ് നൽകുന്നതിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ കമ്പനികൾ കഠിനമായി ശിക്ഷിക്കുന്നതും പതിവാണ്. അടുത്തിടെ ടാർഗറ്റ് തികയ്ക്കാത്ത തൊഴിലാളികളെ റോഡിലൂടെ മുട്ടിലിഴയിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് അധികൃതർ കമ്പനിപൂട്ടിച്ചിരുന്നു. കുറച്ചുനാൾമുമ്പ് പ്രകടനം മോശമായെന്നുപറഞ്ഞ് യുവതികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ വേദിയിൽ നിരത്തിനിറുത്തിയശേഷം പിൻഭാഗത്ത് തല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതും വിവാദമായി.