സി.എം. കാളിംഗ്....
ഫോണിൽ അക്ഷരങ്ങൾ നീല നിറത്തിൽ മിന്നിക്കൊണ്ടിരുന്നു.
''അതിങ്ങ് തന്നേ അരവിന്ദാക്ഷാ. ഞാൻ സംസാരിക്കട്ടെ. എന്നെ സി.എമ്മിന് മനസ്സിലാകും. എന്നിട്ട് അദ്ദേഹം പറയുന്നതെന്തോ അത് നിങ്ങൾക്കു ചെയ്യാം..."
ശിവദാസൻ കൈ നീട്ടി.
അരവിന്ദാക്ഷൻ പിന്നോട്ടുമാറി. അത് വേണ്ട... ഇത് തൊണ്ടിമുതലാണ്. വിലപ്പെട്ട ഫിംഗർ പ്രിന്റും ഈ മരിച്ചുകിടക്കുന്ന യുവതിയുടെ ബ്ളഡും അടങ്ങിയ കോൺക്രീറ്റ് എവിഡൻസ്."
ഒന്നു നിർത്തിയിട്ട് സി.ഐ പിന്നിലേക്കു കൈ നീട്ടി.
എ.എസ്.ഐ ചെറിയൊരു പ്ളാസ്റ്റിക് കവർ തുറന്നു പിടിച്ചു.
അരവിന്ദാക്ഷൻ ഫോൺ അതിനുള്ളിലേക്കിട്ടു. പിന്നെ അതിന്റെ മുകൾ ഭാഗം വിരലുകൾക്കിടയിൽ ചേർത്തമർത്തി. തുടർന്ന് ഫോൺ തന്റെ പാന്റിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.
ഒരു വട്ടംകൂടി ബല്ലടിച്ചിട്ട് ഫോൺ കട്ടായി...
ശിവദാസൻ എന്തുവേണമെന്നറിയാതെ പതറി നിൽക്കുകയാണ്.
അപ്പോൾ സി.ഐ തുടർന്നു:
''പിന്നെ നിങ്ങൾ പറഞ്ഞല്ലോ എന്തു വേണമെന്ന് മുഖ്യമന്ത്രി പറയുമെന്ന്. അങ്ങനെ അദ്ദേഹം പറയുന്നതു പോലെ ചെയ്യാനാണെങ്കിൽ ഇവിടെ പോലീസെന്തിനാ? തന്നെപ്പോലെ ആണും പെണ്ണും കെട്ടവന്മാർ പോരേ?"
മുഖത്ത് മീൻവെള്ളം വീണതു പോലെ വിളറിപ്പോയി ശിവദാസൻ. അരവിന്ദാക്ഷൻ പറഞ്ഞതുകേട്ട് മീഡിയക്കാർ ചിരിച്ചു.
''ഇനി നിങ്ങൾക്കു പറയാനുള്ളത് ഞങ്ങൾ പോലീസിനോടും പിന്നെ കോടതിയോടും മാത്രം."
സി.ഐ അരവിന്ദാക്ഷൻ തിരിഞ്ഞ് എസ്.ഐയെ നോക്കി.
''ടേക്ക് ഹിം."
''നോ. എന്നെ അറസ്റ്റു ചെയ്യരുത്. അത് പറ്റത്തില്ല."
അയാൾ പിന്നോട്ടു മാറി.
സി.ഐ, ബലമായി അയാളുടെ കൈകൾ പിടിച്ച് എ.എസ്.ഐക്കു നേരെ നീട്ടിക്കൊടുത്തു.
ശിവദാസന്റെ കൈകളിൽ വിലങ്ങ് വീണു.
''ഇനി ഈ സാറിനെ കൊണ്ടുപോയി പോലീസിന്റെ വണ്ടിയിൽ ഇരുത്ത്. അതിനുള്ളിലെ സുഖം കൂടി ഒന്ന് അറിഞ്ഞിരിക്കട്ടെ."
അരവിന്ദാക്ഷൻ നിർദ്ദേശിച്ചു.
പോലീസ്, ശിവദാസനെ ബൊലേറോയുടെ നേർക്ക് നടത്തിക്കൊണ്ടുപോയി. താപ്പാനകൾ കാട്ടാനകളെ കൊണ്ടുപോകുന്നതു പോലെ....
ക്യാമാറക്കണ്ണുകൾ അയാളെ പിൻതുടർന്നു.
അപ്പോഴാണ് ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് വെട്ടിത്തിരിഞ്ഞു വന്നത്.
അതിൽ മരിയ ഫെർണാണ്ടസിന്റെ ബോയ് ഫ്രണ്ട് ആയിരുന്നു.
സംശയത്തോടെ പോലീസിനെയും മാദ്ധ്യമപ്പടയെയും നോക്കിക്കൊണ്ട് അയാൾ ബൈക്കിൽ നിന്നിറങ്ങി.
***
ഹോട്ടൽ റൂമിനുള്ളിൽ കൂട്ടിലടച്ച കാട്ടുമൃഗത്തപ്പോലെ മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ അസ്വസ്ഥനായി അങ്ങിങ്ങു നടന്നു.
ശിവദാസന്റെ ഫോണിലേക്കു വിളിച്ചിട്ടു കിട്ടാത്തത് എന്താണെന്ന് അയാൾക്കു സംശയമായി. ഒപ്പം അവ്യക്തമായ ഒരു ഭീതിയും മാസ്റ്ററെ ഗ്രഹിച്ചു.
പെട്ടെന്നാണ് വോളിയം കുറച്ചുവച്ചിരുന്ന വാർത്താചാനലിൽ കമന്റേറ്ററുടെ ശബ്ദം കേട്ടത്.
''ബ്രേക്കിംഗ് ന്യൂസ്.. വിദേശ യുവതിയുടെ കൊലപാതകം. മുഖ്യമന്ത്രിയുടെ പി.എ അറസ്റ്റിൽ.."
''ങ്ഹേ?" മാസ്റ്റർ നടുങ്ങിത്തിരിഞ്ഞു.
കേട്ടത് അങ്ങനെ തന്നെയാണോ?
അയാൾ റിമോട്ട് എടുത്ത് വോളിയം കൂട്ടി.
അപ്പോഴേക്കും ടിവി സ്ക്രീനിൽ ചിത്രങ്ങൾ തെളിഞ്ഞു തുടങ്ങിയിരുന്നു...
ചോരയിൽ കുളിച്ചുകിടക്കുന്ന മരിയ ഫെർണാണ്ടസിന്റെ അവ്യക്ത ചിത്രം... ഒപ്പം കൈകളിൽ വിലങ്ങിട്ട നിലയിൽ ശിവദാസൻ!
മാസ്റ്ററുടെ കണ്ണുകളിലേക്ക് കൂരിരുൾ കുത്തിക്കയറി.
പിന്നെ ടിവിയിൽ പറഞ്ഞതൊന്നും അയാൾ കേട്ടില്ല....
വിവശനായി കസേരയിലേക്കു വീണു.. പ്രപഞ്ചം കീഴ്മേൽ മറിയുന്നതും തന്റെ സുഖസൗഭാഗ്യങ്ങൾ കടൽത്തിരകൾ വലിച്ചുകൊണ്ടുപോകുന്നതും വേലായുധൻ മാസ്റ്റർ അറിഞ്ഞു.
ഒന്നു സഹായിക്കാൻ ആരെ വിളിക്കണം? ആരെ വിളിച്ചാലും അത് അപകടമാണെന്നു മാസ്റ്റർക്കു തോന്നി.
അടുത്ത നിമിഷം...
മാസ്റ്ററെ വിറപ്പിച്ചുകൊണ്ട് സെൽഫോൺ ശബ്ദിച്ചു.....
(തുടരും)