തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിലെ ചേരിപ്പോര് കാരണം കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ തുടങ്ങിയ കാൾ സെന്ററുകൾ ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്നു! മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് ഇവയുടെ നിയന്ത്രണം നൽകിയപ്പോൾ കേരളത്തിൽ മാത്രം ദേശീയ നേതൃത്വം നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. പാർട്ടി സംസ്ഥാന -ജില്ലാ ഘടകങ്ങളെ അറിയിക്കാതെയാണ് കാൾ സെന്ററുകളുടെ പ്രവർത്തനം തുടങ്ങിയത്. പാർട്ടിയിലെ ചേരിപ്പോര് കാൾ സെന്റർ പ്രവർത്തനങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിലത്രേ.
കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും വികസന നേട്ടങ്ങളെക്കുറിച്ചും ജനങ്ങൾക്ക് അവബോധമുണ്ടാക്കുകയാണ് കാൾ സെന്ററുകളുടെ ലക്ഷ്യം. ഇതുവഴി ലോക്സഭാ തിരഞ്ഞെടുപ്പ് വിജയമാണ് പാർട്ടി ദേശീയ നേതൃത്വം ഉന്നം വയ്ക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതാത് സംസ്ഥാന ഘടകവും അല്ലാത്തിടങ്ങളിൽ കേന്ദ്ര ഘടകവുമാണ് കാൾ സെന്ററുകൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതിന്റെ പൂർണ നിയന്ത്രണം പാർട്ടി ദേശീയ നേതൃത്വത്തിനാണ്. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കാൾ സെന്ററുകളെക്കുറിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾക്ക് യാതൊരു ധാരണയുമില്ലെന്നാണ് സൂചന.
ഇവിടെ കാൾ സെന്ററുകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരിൽ ബി.ജെ.പി അനുഭാവികളുണ്ടെങ്കിലും അവരെയെല്ലാം ദേശീയ നേതൃത്വം തിരഞ്ഞെടുത്തത് പത്രപരസ്യം വഴിയാണ്. ആരും പാർട്ടി നേതാക്കളുടെ അറിവോ ശുപാർശയോ പ്രകാരം വന്നവരല്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാരുണ്ടായിട്ടും ഇത്തരം കാര്യങ്ങളിൽ സംസ്ഥാന ഘടകത്തെ വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് പോകുന്നത്. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരാണ് ഈ അവിശ്വാസത്തിന് പ്രധാന കാരണമെന്നാണ് അറിയുന്നത്.
സംഘാടനത്തിൽ ഭിന്നത
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശൂരിലെ യുവമോർച്ച റാലിയുടെ സംഘാടനത്തിലും ഭിന്നത പ്രകടമായിരുന്നു. പി.കെ.കൃഷ്ണദാസ് പക്ഷക്കാരനായ,യുവമോർച്ചയുടെ ചുമതലയുള്ള ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.സുരേന്ദ്രനോട് ആഭിമുഖ്യം പുലർത്തുന്ന ബി.ജെ.പി ജില്ലാ കമ്മിറ്രിയും തമ്മിലാണ് സമ്മേളനത്തിരക്കിനിടയിൽ കൊമ്പുകോർത്തത്. പിന്നീട് സംഘടനാ ചുമതലയുള്ള ബി.ജെ.പിയിലെ ആർ.എസ്.എസ് നേതാക്കൾ ഇടപെട്ടാണ് പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കിയത്.
നിർദേശം നടപ്പായില്ല
അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ കേരളത്തിലെ യോഗങ്ങൾ വിളിച്ചപ്പോഴൊക്കെ കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം ചില സ്ഥലത്തു മാത്രം പേരിന് നടത്തിയതല്ലാതെ ഫലപ്രദമായി നടപ്പാക്കാനായില്ലെന്നാണ് കേന്ദ്ര ഘടകത്തിന്റെ വിലയിരുത്തൽ. ഇതോടെയാണ് കേന്ദ്ര പദ്ധതിയുടെ ഉപഭോക്താക്കളല്ലാത്തവരിൽ കൂടി പദ്ധതിയുടെ സന്ദേശമെത്തിക്കാൻ കാൾ സെന്ററുകളുമായി ദേശീയ നേതൃത്വം മുന്നിട്ടിറങ്ങിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള വിവര ശേഖരണത്തിനായും ബി.ജെ.പി കേന്ദ്ര നേതൃത്വം സർവേ നടത്തിയിരുന്നു. ഈ ടീമിലുണ്ടായിരുന്നവരും കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികളും പ്രൊഫഷണലുകളുമായിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾ വേണ്ടവിധത്തിൽ ജനങ്ങളിലെത്തിക്കാൻ പാർട്ടി ഘടകങ്ങൾ പരാജയപ്പെട്ടതോടെയാണ് കാൾ സെന്ററുകൾ വഴി ഇവ നടപ്പാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചതത്രേ.