കഴിഞ്ഞ വർഷത്തെ ബ്ളോക് ബസ്റ്റർ ഹിറ്റായ 96ന്റെ തെലുങ്ക് റീമേക്കിൽ നായികയായി എത്തുന്നത് സാമന്ത. തൃഷ അനശ്വരമാക്കിയ കഥാപാത്രം ജാനകിയെയാണ് സാമന്ത വെള്ളിത്തിരയിൽ അവതരിപ്പിക്കുക. വിജയ് സേതുപതിയെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ഷർവാനന്ദാണ്. 96 ഒരുക്കിയ പ്രേം കുമാർ തന്നെയാണ് ചിത്രം തെലുങ്കിലും സംവിധാനം ചെയ്യുന്നത്.
ശ്രീ വെങ്കടേശ്വരാ ക്രിയേഷൻസിന്റെ ബാനറിൽ രാജു നിർമ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 96ൽ റാമിന്റെയും ജാനുവിന്റെയും ചെറുപ്പകാലം അവതരിപ്പിച്ചത് ആദിത്യ ഭാസ്കറും ഗൗരി കൃഷ്ണനുമായിരുന്നു. എന്നാൽ, തെലുങ്കിൽ ഷർവാനന്ദും സാമന്തയും തന്നെയാണ് ചെറുപ്പകാലത്തെയും അവതരിപ്പിക്കുക.
96ന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിലും സഹകരിക്കുകയെന്നാണ് വെങ്കടേശ്വരാ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്. വരുന്ന മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ദീപാവലിക്കാവും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ൽ മലയാളി താരം ഭാവനയാണ് നായിക.