ബംഗളൂരു: മെട്രോ റെയിൽ സ്‌റ്റേഷനിലെ എസ്‌കലേറ്ററിൽ മുത്തച്ഛന്റെ കൈയ്യിൽ നിന്നും താഴെ വീണ കുഞ്ഞ് മരിച്ചു. ശ്രീരാംപുര മെട്രോ സ്‌റ്റേഷനിലാണ് ദാരുണമായ സംഭവമുണ്ടായത്. ഒന്നര വയസ് പ്രായമുള്ള ഹാസിനിയാണ് മുത്തച്ഛൻ ബാലകൃഷ്ണന്റെ കൈയ്യിൽ നിന്നും വഴുതി വീണത്. ചെറുമകളെയുമെടുത്ത് എസ്‌കലേറ്ററിൽ കയറിയപ്പോൾ കാൽ വഴുതുകയും, മറിഞ്ഞ് വീഴാതിരിക്കാൻ കൈവരിയിൽ പിടിക്കാൻ ശ്രമിച്ചപ്പോഴാണ് കൈയ്യിൽ നിന്നും കുഞ്ഞ് വഴുതി താഴെ വീണത്. എസ്‌കലേറ്ററിന്റെ വശത്തെ വിടവിലൂടെ താഴെ വീണ ഹാസിനിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം എസ്‌കലേറ്ററിന്റെ നിർമ്മാണ ഘടനയിലുള്ള സുരക്ഷാ വീഴ്ചയാണ് ദുരന്തത്തിന് കാരണമായത്. എസ്‌കലേറ്ററിന് ഇടയിലുള്ള വിടവിൽ സുരക്ഷയ്ക്കായി നെറ്റുകൾ ഉറപ്പിക്കാതിരുന്നത് വീഴ്ചയാണ്. ബംഗളൂരു മെട്രോ കോർപ്പറേഷനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.