rahul-gandhi-kerala-visit

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ശ്രമിക്കുന്നുവെന്നും എന്നാൽ പാവപ്പെട്ടവരും പണക്കാരും ഒരുമിച്ച് കഴിയുന്ന ഇന്ത്യയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാം. പാവങ്ങൾക്ക് മിനിമം വേതനം ഉറപ്പാക്കേണ്ട നരേന്ദ്ര മോദി തന്റെ 15 സുഹൃത്തുക്കൾക്കാണ് എല്ലാം നൽകിയത്. അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബിൽ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ നേതൃസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ രണ്ടായി വിഭജിക്കാനാണ് മോദിയുടെ ശ്രമം. ഒന്ന് പണക്കാർക്കും മറ്റൊന്നു പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ എന്നിവർക്കും വേണ്ടി. മൂന്നരലക്ഷം കോടി രൂപ 15 ഓളം വരുന്ന അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തുക്കൾക്കായി ചെലവാക്കി. ഒരു രൂപ പോലും പാവങ്ങൾക്കു വേണ്ടി നൽകിയില്ല. ഭൂമിയേറ്റെടുക്കൽ നിയമത്തെ ദുർബലപ്പെടുത്താൻ മോദി ശ്രമിച്ചെന്നും രാഹുൽ ആരോപിച്ചു.

ഇന്ത്യയുടെ വിലപ്പെട്ട അഞ്ച് വർഷങ്ങൾ നരേന്ദ്ര മോദി വെറുതെ പാഴാക്കി. കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിൽ മോദി സർക്കാർ കർഷകരെ ദ്രോഹിച്ചതിന് 2019ൽ അധികാരത്തിൽ ഞങ്ങൾ വരുമ്പോൾ പരിഹാരം കാണും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്നതാണ് ഈ പരിപാടിയുടെ മുഖ്യവാചകം. അതുകൊണ്ട് എല്ലാവരും അത് ഉൾക്കൊള്ളണം. കോൺഗ്രസിലെ ഓരോ നേതാക്കളും പ്രവർത്തകരും എന്റെ ബൂത്ത് എന്റെ അഭിമാനം എന്റെ പാർട്ടി എന്നതു മനസിലാക്കണം. എല്ലാവരും കോൺഗ്രസിനു വേണ്ടിയിട്ടാകണം പോരാടേണ്ടത്. ശക്തി പരിപാടിയിലേക്ക് ഇന്ത്യയിലെ എല്ലാ കോൺഗ്രസ് അംഗങ്ങൾക്കും എത്തിച്ചേരാം. പലരും പല അഭിപ്രായങ്ങളും ഇതിനകം പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികളെയും ചെറുപ്പക്കാരെയും സ്ഥാനാർഥിയാക്കണമെന്നും ചിലർ നിർദേശിച്ചിട്ടുണ്ട്. ഇനി മുതൽ ഓരോ തിരഞ്ഞെടുപ്പിലും ചെറുപ്പക്കാരും വനിതകളും മൽസരിക്കുമെന്നത് ഉറപ്പ് വരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

അതേസമയം, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ചരിത്ര തീരുമാനമാണ് കഴിഞ്ഞ ദിവസം ചത്തീസ്ഗഡിൽ വച്ച് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ മിനിമം വേതനം എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്‌ദ്ധാനം. മോദി എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം എത്തിക്കാമെന്ന് പറഞ്ഞത് പോലയല്ല ഇത്. രാഹുൽ ഗാന്ധി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കും. ചത്തീസ്ഗഡിലും, മദ്ധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തിലേറി മണിക്കൂറുകൾക്കകം കാർഷികക്കടം എഴുതിത്തള്ളി ഇത് തെളിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്പതിനായിരത്തോളം പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കന്മാരെല്ലാം എത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിയത്. ഇവിടെ നിന്നും അന്തരിച്ച കോൺഗ്രസ് എം.പി എം.ഐ.ഷാനവാസിന്റെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹം പരിപാടിക്കെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത് കൂടിയായിരുന്നു പരിപാടി.