യുവതാരനിരയിൽ ശ്രദ്ധേയയായ അനു സിത്താര ഇനി ദിലീപിന്റെ നായിക. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനു ശേഷം വ്യാസൻ കെ.പി ഒരുക്കുന്ന ചിത്രത്തിലാണ് അനു ദിലീപിന്റെ നായികയായി എത്തുന്നത്. രണ്ട് വ്യത്യസ്തമായ ഗെറ്റപ്പുകളിലായിരിക്കും അനു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയെന്നാണ് അറിയുന്നത്. എഴുത്തുകാരനായും സംവിധായകനായും നിർമാതാവായും തിളങ്ങിയ ആളാണ് വ്യാസൻ.
സിദ്ധിഖ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. മറ്റു താരങ്ങളുടെ നിർണയം പൂർത്തിയായി വരുന്നു. ഒരു സംഭവകഥയെ ആധാരമാക്കിയുള്ള ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. മമ്മൂട്ടി അടക്കമുള്ള സൂപ്പർതാരങ്ങളുടെ നായികയായ അനുവിന്റേതായി ഒടുവിൽ റിലീസായ ചിത്രം നീയും ഞാനുമാണ്.
ബി. ഉണ്ണിക്കൃഷ്ണന്റെ കോടതി സമക്ഷം ബാലൻ വക്കീലാണ് ദിലീപിന്റേതായി ഉടൻ റിലീസാകുന്ന ചിത്രം. ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം പ്രൊഫ. ഡിങ്കനും ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുകയാണ്.