തിരുവനന്തപുരം: മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികൾക്കായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെ അഭിനന്ദിച്ചുള്ള സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വൈറലാകുന്നു. നട്ടെല്ലുള്ള പൊലീസ് ഓഫീസറായും പുലിമടയിൽ കയറിയ പുലിക്കുട്ടിയായും ചൈത്രയുടെ വിവിധ പോസുകളിലുള്ള കളർ ഫോട്ടോകൾ സഹിതമാണ് ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലുമൊക്കെ പോസ്റ്റുകളും ഷെയറുകളും നിറയുന്നത്.
ചട്ടങ്ങൾ പാലിച്ചാണ് ചൈത്ര പരിശോധന നടത്തിയതെന്നും പാർട്ടി ഓഫീസ് റെയ്ഡിൽ അവരുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നും നടപടി ആവശ്യമില്ലെന്നുമുള്ള എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതും സർക്കാരിനെതിരെ ട്രോളർമാർക്ക് ചാകരയായി. അതേസമയം ചൈത്ര തെരേസ ജോൺ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. ഡി.ജി.പിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നവോത്ഥാന വനിതാമതിലുമായി കൂട്ടിക്കെട്ടിയും സർക്കാരിനെതിരെ ട്രോളുകൾ പായുന്നുണ്ട്.
കേസ് സി.പി.എം പാർട്ടി കമ്മിഷൻ അന്വേഷിക്കുമായിരുന്നുവെന്ന ആക്ഷേപ രൂപത്തിലുള്ള പോസ്റ്റുകളും നിരവധിയാണ്. ലിംഗ സമത്വവുമായി ബന്ധപ്പെട്ടും പോസ്റ്റുകളുണ്ട്. 'വനിതകളെ ശബരിമലയിൽ കയറ്റാൻ കാണിച്ച ആർജവം പാർട്ടി ഓഫീസിൽ ഒരു വനിതാ പൊലീസ് കേറിയപ്പോ ഇല്ലാതായോ', 'ശബരിമലയിൽ അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് പ്രശസ്തി പത്രം, പാർട്ടി ഓഫീസ് പരിശോധിച്ചാൽ സ്ഥാനചലനം' തുടങ്ങി ഹാസ്യരൂപത്തിലും ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്നു. എന്നാൽ, ഇതൊന്നും കാര്യമാക്കുന്നില്ലെന്ന പ്രതികരണമാണ് സി.പി.എം നേതാക്കളിൽ നിന്നുണ്ടാകുന്നത്.
ട്രോളുകൾക്ക് പിന്നിൽ ബി.ജെ.പിയെന്ന് ആനാവൂർ
സർക്കാരിനും പാർട്ടിക്കുമെതിരെ ഇത്തരം ട്രോളുകൾ നടത്തുന്നതിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ 'ഫ്ളാഷി'നോട് പ്രതികരിച്ചു. ശബരിമല സമരത്തിൽ തോറ്റ് പിൻവാങ്ങിയ ബി.ജെ.പി, സംഘപരിവാർ ശക്തികൾ നവോത്ഥാന മതിലിന്റെ വിജയത്തിൽ അസൂയാലുക്കളാണ്. ഇത്തരം അവസരങ്ങളിലൂടെ മുതലെടുപ്പ് നടത്താനുള്ള അവരുടെ തന്ത്രങ്ങൾ വിലപ്പോവില്ല. ജനം തിരിച്ചറിയും- ആനാവൂർ
പറഞ്ഞു.