rahul-gandhi-kerala-visit

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമ സമരങ്ങളോട് യോജിപ്പില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം, ശബരിമല വിഷയത്തിൽ നിയമനിർമാണം അടക്കമുള്ള വിഷയങ്ങളിൽ രാഹുൽ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.

അതേസമയം, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും കേരളത്തിൽ സി.പി.എമ്മിനെയും തോൽപ്പിക്കാനുള്ള ശക്തി കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. കർഷകരെ സംരക്ഷിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. അടുത്ത കാലത്ത് ഞാൻ ദുബായിൽ‌ പോയിരുന്നു. കേരളത്തിൽനിന്നുള്ള ആളുകളുടെ ഐക്യവും സത്യസന്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി. കേരളം വെറുമൊരു സംസ്ഥാനമല്ല. അതൊരു ആശയമാണ്. ലോകത്തെ നോക്കിക്കാണാനുള്ള ഒരു രീതിയാണതെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ പ്രളയത്തെ എല്ലാവരും ഒരുമിച്ച് നേരിട്ടത് എല്ലാവരും കണ്ടതാണ്. ഈ ഐക്യം ഒരിക്കലും നഷ്‌ടപ്പെടരുതെന്നും രാഹുൽ ആവശ്യപ്പെട്ടു.