ന്യൂഡൽഹി: രക്ഷിതാക്കൾക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ നേടണമെന്ന് ഒരിക്കലും കരുതരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ 'പരീക്ഷാ പേ ചർച്ച'യുടെ രണ്ടാംപതിപ്പിൽ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം സംബന്ധിച്ചും പരീക്ഷകൾ സംബന്ധിച്ചും ആണ് പ്രധാനമന്ത്രി സംസാരിച്ചത്.
രക്ഷിതാക്കളോട് എനിക്കൊരു അപേക്ഷയുണ്ട്, നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ സ്വപ്നങ്ങൾ കുട്ടികളിലൂടെ നേടണമെന്ന് ഒരിക്കലും കരുതരുത്. എല്ലാ കുട്ടികൾക്കും അവരുടേതായ കഴിവുണ്ട്. കുട്ടികളുടെ ഈ മനസ് നമ്മൾ അറിയേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. സാങ്കേതികവിദ്യ മനസിന്റെ വളർച്ചയ്ക്കും കാരണമാകുന്ന രീതിയിൽ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കളിസ്ഥലങ്ങൾ മറന്ന് കളയരുതെന്നും മോദി കുട്ടികളോട് ഉപദേശിച്ചു.
കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് പരീക്ഷാ പേ ചർച്ചയുടെ മുഖ്യ ഉദ്ദേശ്യം. ആറു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങളും ഉന്നയിക്കാം. കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാൻ സ്വന്തം ജീവിതത്തിലെ ഉദാഹരണങ്ങൾ സഹിതം വിവരിക്കുന്ന ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം മുമ്പ് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.