ചോക്ലേറ്റിനൊപ്പം 24 കാരറ്റ് സ്വർണം ചേർത്ത ഐസ്ക്രീം കഴിക്കണോ? വില വെറും ആയിരം രൂപ മാത്രം. സ്വർണം ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുന്നത് ലോകമാകെ ട്രെൻഡായി മാറുന്നതിനിടയിലാണ് ഇന്ത്യയിലും പുതിയ പരീക്ഷണം. മുംബയിലെ ഹ്യൂബർ ആൻഡ് ഹോളി ഐസ്ക്രീം പാർലറാണ് ഈ പരീക്ഷണത്തിന് പിന്നിൽ.
സ്വർണം ഉപയോഗിച്ചുള്ള ഐസ്ക്രീം ആണ് ഹ്യൂബർ ആന്റ് ഹോളി ഐസ്ക്രീം പാർലർ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാം പേജിൽ അവർ ഷെയർ ചെയ്തിട്ടുമുണ്ട്. മൈറ്റി മിഡാസ് എന്നാണ് ഈ ഐസ്ക്രീമിന്റെ പേര്. ഈ ഐസ്ക്രീം തയ്യാറാക്കാൻ 17 ചേരുവകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഐസ്ക്രീമിന്റെ മുകൾഭാഗത്തായി സ്വർണം അലങ്കരിച്ചിട്ടുണ്ട്. ഇത് 24 കാരറ്റ് സ്വർണം ആണെന്നാണ് ഹ്യൂബർ ആൻഡ് ഹോളി പാർലർ അവകാശപ്പെടുന്നത്.
പക്ഷേ ഈ സ്വർണ ഐസ്ക്രീം ഇപ്പോൾ തന്നെ കഴിക്കണമെങ്കിൽ ഹൈദരാബാദിലെയും അഹമ്മദാബാദിലെയും ഹ്യൂബർ ആന്റ് ഹോളി കടകളിൽ പോകണം. അവിടെ മാത്രമാണ് ഈ ഐസ്ക്രീം വാങ്ങാൻ കഴിയുക. 1000 രൂപയാണ് ഈ ഐസ്ക്രീമിന്റെ വില.