kannur-airport-

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെകുറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിനു പുറമെ ഗോ എയറും ഇൻഡിഗോയും രാജ്യാന്തര സർവീസുകൾ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റുനിരക്കിൽ വൻകുറവ് വന്നത്.

ഡിസംബറിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് 30,000 രൂപയിലേറെ ആയിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ ഇപ്പോൾ കണ്ണൂർ – അബുദാബി റൂട്ടിൽ 6099 രൂപ മുതലാണ് ഗോ എയർ ടിക്കറ്റുകൾ ബുക്കിംഗ് തുടങ്ങിയത്. തിരികെയയുള്ള റൂട്ടിൽ 7999 മുതലാണു നിരക്ക്.

കണ്ണൂർ – മസ്കറ്റ് റൂട്ടിലും കുറഞ്ഞ നിരക്കിലാണ് ഗോ എയർ ടിക്കറ്റ് വില്പന തുടങ്ങിയത്.

കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്ക് 4999 രൂപ മുതലും മസ്കറ്റ് – കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. മാർച്ച് ഒന്നു മുതൽ ആഴ്ചയിൽ നാലുദിവസം വീതമാണു ഗോ എയർ അബുദാബിയിലേക്കു സർവീസ് നടത്തുക. മാർച്ച് 15 മുതൽ കുവൈറ്റിലേക്കും ദോഹയിലേക്കും ഇൻഡിഗോ എയർലൈൻസും സർവീസ് തുടങ്ങും.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്നു വിമാന കമ്പനി സി.ഇ.ഒമാർ കഴിഞ്ഞദിവസം നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയിരുന്നു. കണ്ണൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.