george

ന്യൂഡൽഹി:പൗരാവകാശങ്ങൾ അടിച്ചമർത്തപ്പെട്ടിരുന്ന അടിയന്തരാവസ്ഥ കൊടികുത്തി വാണ 1976ൽ സ്വാതന്ത്ര്യ ബോധത്തിന്റെ കനലു പോലെ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം പത്രങ്ങളിൽ അച്ചടിച്ചു വന്നു - വിലങ്ങിന്റെ നീണ്ട ചങ്ങലയിൽ പൂട്ടിയ ഇടതു കൈ മുഷ്‌ടി ചുരുട്ടി ഉയർത്തി നിൽക്കുന്ന ജോർജ് ഫെർണാണ്ടസിന്റെ ചിത്രമായിരുന്നു അത്. അടിയന്തരാവസ്ഥയുടെ ഏറ്റവും ശക്തമായ പ്രതീകമായിരുന്നു ആ ചിത്രം.

അതിന് മുൻപ് 1974ൽ ഇന്ദിരാഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ റെയിൽവേ സമരത്തിലൂടെ ഫെർണാണ്ടസ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. അടിയന്തരാവസ്ഥയിൽ തീപ്പൊരിയായ ഫെർണാണ്ടസിനെ 1976ൽ ബറോഡ ഡയനാമിറ്റ് ഗൂഢാലോചനകേസിൽ അറസ്റ്റ് ചെയ്‌തു.അതിന്റെ ചിത്രമായിരുന്നു അത്.

തീഹാർ ജയിലിലടച്ച ഫെർണാണ്ടസ് അവിടെ കിടന്നുകൊണ്ട് അടിയന്തരാവസ്ഥ വിരുദ്ധ വികാരത്തിന് തീ പകർന്നു. 1977ൽ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം ഇന്ദിരാഗാന്ധി നടത്തിയ തിരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നുകൊണ്ട് ബീഹാറിലെ മുസാഫർപൂർ മണ്ഡലത്തിൽ മത്സരിച്ച ഫെർണാണ്ടസ് മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. മൊറാർജി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരിക്കെ ഫെറ നിയമം ശക്തമാക്കി. കൊക്കകോളയെ നിരോധിച്ചു. 1984ൽ ബാംഗ്ലൂർ നോർത്തിൽ പരാജയപ്പെട്ടതോടെ ബീഹാർ തട്ടകമാക്കി.മുസാഫർപുരിൽ നിന്ന് പിന്നീട് നാല് തവണ ലോക്‌സഭയിലെത്തി. വി.പി സിംഗ് മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരിക്കെ കൊങ്കൺ റെയിൽപദ്ധതി അവിഷ്‌കരിച്ചു.

ലാലുപ്രസാദ് യാദവിന്റെയും നിതീഷ്‌കുമാറിന്റെയും ഉദയത്തോടെ ജനതാദളിൽ തഴയപ്പെട്ടു. 1994ൽ സമതാ പാർട്ടി രൂപീകരിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായത് ഏവരെയും ഞെട്ടിച്ചു. 1996ലെയും 98ലെയും വാജ്പേയി മന്ത്രിസഭയ്ക്ക് ശേഷം 99ൽ 24 പാർട്ടികളുടെ എൻ.ഡി.എ സഖ്യം രൂപീകരിച്ച് മൂന്നാം വാജ്പേയി സർക്കാരുണ്ടാക്കാൻ യത്നിച്ചു. വാജ്പേയിയുടെ രണ്ടും മൂന്നും സർക്കാരുകളിൽ പ്രതിരോധ മന്ത്രി. രണ്ടാം പൊഖ്റാൻ ആണവപരീക്ഷണം, പാകിസ്ഥാനെതിരായ കാർഗിൽ യുദ്ധവിജയം എന്നിവ പൊൻതൂവലായി.

പ്രതിരോധ ഇടപാടിലെ അഴിമതിയെ പറ്റിയുള്ള 2001ലെ തെഹൽക്ക ഒളികാമറ വിവാദത്തെതുടർന്ന് രാജിവച്ചെങ്കിലും തിരിച്ചുവന്നു. കാർഗിൽ യുദ്ധസമയത്തെ ശവപ്പെട്ടി കുംഭകോണ ആരോപണമുയർന്നെങ്കിലും അന്വേഷണ കമ്മിഷനുകൾ കുറ്റവിമുക്തനാക്കി. 2009ൽ ഫെർണാണ്ടസിന് ജെ.ഡി.യു സീറ്റ് നിഷേധിച്ചതോടെ മുസാഫർപുരിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009ൽ രാജ്യസഭാംഗമായി. രോഗം മൂർച്ഛിച്ചതോടെ 2010ൽ പൊതുരംഗം വിട്ടു. ആ തീപ്പൊരി ക്രമേണ മറവിയുടെ ലോകത്തേക്ക് വീണു.

മുൻകേന്ദ്രമന്ത്രി ഹുമയൂൺ കബീറിന്റെ മകൾ ലൈലാ കബീറാണ് ഭാര്യ. വർഷങ്ങളോളം പിരിഞ്ഞുജീവിച്ച ഇവർ ഫെർണാണ്ടസിന്റെ അവസാനകാലത്താണ് മടങ്ങിയെത്തിയത്. ഫെർണാണ്ടസുമായി അടുപ്പമുണ്ടായിരുന്ന സമതാ പാർട്ടി നേതാവ് ജയ ജയ്റ്റ്ലിയും ലൈലകബീറും തമ്മിലുള്ള തർക്കങ്ങളും നിയമപോരാട്ടവും വാർത്തകളായപ്പോൾ ഫെർണാണ്ടസ് കടുത്ത മറവിയിലായിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.