കൊച്ചി: സംരംഭക കണക്‌റ്രിവിറ്റി സേവന ദാതാക്കളായ ടാറ്റ ടെലി ബിസിനസ് സർവീസസ് (ടി.ടി.ബി.എസ്) എസ്.എം.ഇകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സ്‌മാർട് വി.പി.എൻ സൊല്യൂഷൻ അവതരിപ്പിച്ചു. കസ്‌റ്റമർ കണക്‌റ്റ് പ്രോഗ്രാമായ ഡു ബിഗ് ഫോറത്തിൽ ഇതിന്റെ അവതരണം ടി.ടി.ബി.എസ് നടത്തി. 100ലേറെ എസ്.എം.ഇ പ്രതിനിധികൾ ഫോറത്തിൽ സംബന്ധിച്ചു.

സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഇന്റർനെറ്ര് വി.പി.എൻ കണക്‌റ്രിവിറ്രി വാഗ്‌ദാനം ചെയ്യുന്നുണ്ട്. വോയ്സ്, വീഡിയോ, ഡാറ്റ തുടങ്ങിയ സങ്കീർണമായ ആപ്ളിക്കേഷൻ രംഗങ്ങളിൽ സേവനങ്ങളുള്ള എം.എസ്.എം.ഇകൾക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണിതെന്ന് ടി.ടി.ബി.എസിന്റെ എസ്.എം.ഇ വൈസ് പ്രസിഡന്റ് ജോയ്ജീത്ത് ബോസ് പറഞ്ഞു.

എസ്.എം.ഇകൾക്കുള്ള സ്‌മാർട് ഓഫീസ് സൊല്യൂഷനും കമ്പനി അവതരിപ്പിച്ചു. വിവര-വിനിമയ സാങ്കേതിക വിദ്യയിലെ എല്ലാ ആവശ്യങ്ങൾക്കുമുള്ള പരിഹാരമായാണ് ഇതിന്റെ രൂപകല്‌പന. വോയ്‌സ്, ഡാറ്റ, സ്‌റ്റോറേജ്, ആപ്ലിക്കേഷൻ എന്നിവയുടെയെല്ലാം ശക്തമായ കൂട്ടായ്മയായ സ്‌മാർട് ഓഫീസ് പുതിയ ഓഫീസുകൾ തുടങ്ങുന്ന സംരംഭങ്ങൾക്ക് എളുപ്പത്തിൽ സ്ഥാപിക്കാനാവുന്നതാണ്.