തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് തുറക്കാതിരുന്ന ബീവ്റേജ് ഔട്ട്ലെറ്റുകളിലെ ജീവനക്കാർക്ക് സർക്കാരിന്റെ വക പണി വരുന്നു. ഹർത്താൽ ദിവസം ബീവ്റേജ് തുറക്കാത്തതിന്റെ വിശദീകരണം തേടി മാനേജർമാർക്ക് കോർപ്പറേഷൻ മെമ്മോ നൽകി. ഇവരുടെ വിശദീകരണം ലഭിച്ചതിന് ശേഷം അച്ചടക്ക നടപടികളിലേക്ക് കടക്കാനാണ് കോർപ്പറേഷന്റെ നീക്കം. തുറക്കാത്തതിനെ തുടർന്ന് കോർപ്പറേഷനുണ്ടായ നഷ്ടം ജീവനക്കാരിൽ നിന്നും ഈടാക്കാനും സാദ്ധ്യതയുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഹർത്താൽ ദിനത്തിൽ ബീവ്റേജ് തിറക്കാത്തതിന് ജീവനക്കാർക്ക് മെമ്മോ നൽകുന്നത്.
2018 ഒക്ടോബർ 17 രാത്രി 12 മണി മുതൽ ഒക്ടോബർ 18 രാത്രി 12 മണി വരെയായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തത്. 18ാം തീയതി വൈകിട്ട് 6 മണിക്ക് ശേഷം ഔട്ട്ലെറ്റുകൾ തുറക്കാൻ ബീവ്റേജസ് കോർപ്പറേഷൻ എം.ഡി ജി.സ്പർജൻ കുമാർ ഐ.പി.എസ് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം ഔട്ട്ലെറ്റുകൾ തുറന്നില്ല. ഇതിലൂടെ ഒരു ഷോപ്പിന് ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷംരൂപ വരെ നഷ്ടം വന്നതായാണ് കോർപ്പറേഷൻ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് മെമ്മോ നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ ദിവസം ആക്രമണം നടന്നിരുന്നു. ഷോപ്പിന് നേരെയും അക്രമം നടക്കുമെന്ന് ഭയത്തെ തുടർന്നാണ് തുറക്കാതിരുന്നതെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ നഷ്ടം ജീവനക്കാരിൽ നിന്നും ഈടാക്കാനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്.