ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗവ് എന്ന ചിത്രം ചിത്രീകരണത്തിന് മുൻപ് തന്നെ ഒരു ഗാനം കൊണ്ട് ആഗോളപ്രശസ്തി നേടിയിരുന്നു. 'മാണിക്യമലരായ പൂവി'യെന്ന ആ ഗാനവും പ്രിയവാര്യരുടെ കണ്ണിറുക്കലും കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ലോകശ്രദ്ധ നേടിയത്. പുതുമുഖമായ പ്രിയാവാര്യരും ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഒറ്റഗാനത്തോടെ താരമായി മാറി.
ഇപ്പോഴിതാ മാണിക്യമലരായ പൂവിയുടെ തെലുങ്കുവേർഷനും പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പിായ ലൗവേഴ്സ് ഡേയിലാണ് ഈ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അല്ലു അർജുൻ ആണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തത്. മലയാളത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം തെലുങ്കിൽ പാടിയിരിക്കുന്നത് അനുദീപ് ആണ്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. ചന്ദ്രബോസ് ആണ് ഗാനരചന.
മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുഖിഭവ സിനിമാസിന്റെ ബാനറിൽ ഗുരു രാജയും സി.എച്ച് വിനോദ് റെഡ്ഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി പതിനാലിന് തിയേറ്ററുകളിലെത്തും.