ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഭവന വായ്പാ കമ്പനിയായ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപറേഷൻ 31000 കോടി രൂപ തട്ടിയെടുത്തതായി പ്രമുഖ ഓൺലൈൻ വാർത്താ മാദ്ധ്യമമായ കോബ്രാ പോസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടു. വാർത്തയെ തുടർന്ന് ഡി.എച്ച്.എഫ്.എല്ലിന്റെ ഓഹരികൾ 11 ശതമാനം ഇടിഞ്ഞതായി എക്കണോമിക് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.
ഡി.എച്ച്.എഫ്.എൽ ബി.ജെ.പിക്ക് 20 കോടി രൂപ സംഭാവന നൽകിയെന്നും കോബ്രാ പോസ്റ്റ് ആരോപിച്ചു.
കോബ്രാ പോസ്റ്റിന്റെ എഡിറ്റർ അനിരുദ്ധ് ബഹാലിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർമാരും അവരുടെ അസോസിയേറ്റ് കമ്പനികളും ചേർന്ന് രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് 31000 കോടിയോളം രൂപ പല കടലാസ് കമ്പനികളുടെ പേരിൽ വായ്പയായും അഡ്വാൻസായും വാങ്ങിക്കൂട്ടി സ്വാകാര്യ സ്വത്താക്കി മാറ്രിയെന്നാണ് കോബ്രാ പോസ്റ്റിന്റെ കണ്ടെത്തൽ.
എന്നാൽ ഇതൊരു സ്റ്രിങ് ഓപറേഷനല്ലെന്നും ശേഖരിച്ച രേഖകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും കോബ്രാ പോസ്റ്റ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്‌വായ്പാ തട്ടിപ്പാണ് ഇതെന്നും കോബ്ര പോസ്റ്റ് അവകാശപ്പെട്ടു.
എസ്.ബി.ഐ ഉൾപ്പടെയുള്ള ബാങ്കുകളിൽ നിന്നാണ് ഡി.എച്ച്.എഫ്.എൽ വായ്പകൾ വാങ്ങിയത്. 11,500 കോടി രൂപയാണ് എസ്.ബി.ഐ നൽകിയത്. ബാങ്ക് ഒഫ് ബറോഡ 5000 കോടി രൂപയും വായ്പ നൽകി.
കമ്പനിയുടെ 21,477 കോടി രൂപ വിവിധ കടലാസ് കമ്പനികളിലേക്ക് വായ്പകളായും നിക്ഷേപങ്ങളായും മാറ്റി. ഇത് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ എല്ലാ നിർദ്ദേശങ്ങൾക്കും എതിരായാണെന്നും കോബ്രാപോസ്റ്റ് വ്യക്തമാക്കുന്നു.
പണം തിരിച്ചടച്ചിട്ടുണ്ട്
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾക്കിടയിലും വായ്പ നൽകിയവർക്ക് കഴിഞ്ഞ മൂന്നു മാസത്തിനകം 17,000 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്.
-ഡി.എച്ച്.എഫ്.എൽ