rahul-gandhi

കൊച്ചി: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കാൻ ഇടത് സർക്കാർ ഒന്നും തന്നെ ചെയ്തില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രളയം മനുഷ്യനിർമ്മിതമായിട്ടുകൂടി കേരള ജനത ഒറ്റക്കെട്ടായി നേരിട്ടു. ലോകത്തെ മലയാളികളെല്ലാം ഒരുമിച്ച് നിന്നും പ്രവാസി സഹായം ഒഴുകിയെത്തി. എന്നാൽ എല്ലാവരുടെയും പ്രതീക്ഷ സർക്കാരിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിലായിരുന്നു. എന്നാൽ ഇടത് സർക്കാർ യാതൊന്നും ചെയതില്ല- രാഹുൽ പറഞ്ഞു. കൊച്ചി മറയിൻ ഡ്രൈവിൽ സംഘടിപ്പിച്ച കോൺഗ്രസ് നേതൃസംഘമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പുനർ നിർമ്മിക്കാൻ പുതിയ ചിന്തയും ദർശനവുമാണ് വേണ്ടത്. അതില്ലെന്ന് മാത്രമല്ല സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സംസ്ഥാനത്തുടനീളം വ്യാപമായി അക്രമം അഴിച്ചുവിടുന്നു. ചെറുപ്പക്കാർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകാനുള്ള ബാധ്യത ഏറ്റെടുക്കാത്തത് സർക്കാരിസംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം,​ സംസ്ഥാന സർക്കാരിനെ വിമർശിച്ച രാഹുൽ മോദി സർക്കാരിനെയും കുറ്റപ്പെടുത്തി. ഇന്ത്യയെ രണ്ടായി വിഭജിക്കാനാണ് മോദിയുടെ ശ്രമം. ഒന്ന് പണക്കാർക്കും മറ്റൊന്നു പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ എന്നിവർക്കും വേണ്ടി. മൂന്നരലക്ഷം കോടി രൂപ 15 ഓളം വരുന്ന അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തുക്കൾക്കായി ചെലവാക്കി. ഒരു രൂപ പോലും പാവങ്ങൾക്കു വേണ്ടി നൽകിയില്ല. ഭൂമിയേറ്റെടുക്കൽ നിയമത്തെ ദുർബലപ്പെടുത്താൻ മോദി ശ്രമിച്ചെന്നും രാഹുൽ ആരോപിച്ചു.

ഇന്ത്യയുടെ വിലപ്പെട്ട അഞ്ച് വർഷങ്ങൾ നരേന്ദ്ര മോദി വെറുതെ പാഴാക്കി. കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിൽ മോദി സർക്കാർ കർഷകരെ ദ്രോഹിച്ചതിന് 2019ൽ അധികാരത്തിൽ ഞങ്ങൾ വരുമ്പോൾ പരിഹാരം കാണും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്നതാണ് ഈ പരിപാടിയുടെ മുഖ്യവാചകം. അതുകൊണ്ട് എല്ലാവരും അത് ഉൾക്കൊള്ളണം. കോൺഗ്രസിലെ ഓരോ നേതാക്കളും പ്രവർത്തകരും എന്റെ ബൂത്ത് എന്റെ അഭിമാനം എന്റെ പാർട്ടി എന്നതു മനസിലാക്കണം. എല്ലാവരും കോൺഗ്രസിനു വേണ്ടിയിട്ടാകണം പോരാടേണ്ടത്. ശക്തി പരിപാടിയിലേക്ക് ഇന്ത്യയിലെ എല്ലാ കോൺഗ്രസ് അംഗങ്ങൾക്കും എത്തിച്ചേരാം. പലരും പല അഭിപ്രായങ്ങളും ഇതിനകം പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികളെയും ചെറുപ്പക്കാരെയും സ്ഥാനാർഥിയാക്കണമെന്നും ചിലർ നിർദേശിച്ചിട്ടുണ്ട്. ഇനി മുതൽ ഓരോ തിരഞ്ഞെടുപ്പിലും ചെറുപ്പക്കാരും വനിതകളും മൽസരിക്കുമെന്നത് ഉറപ്പ് വരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.