കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർഷക ലോകത്തിന്റെ പിന്തുണ ഉറപ്പാക്കാനായി ഇടക്കാല ബഡ്‌ജറ്രിൽ കേന്ദ്ര സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കും. കർഷകർക്ക് പലിശ-രഹിത വായ്‌പകൾ, പ്രീമിയം രഹിത ഇൻഷ്വറൻസ് എന്നിവ സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്രിലുണ്ടാവുമെന്നാണ് സൂചന.
നടപ്പു സാമ്പത്തിക വർഷത്തേക്കായി ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി അവതരിപ്പിച്ച ബഡ്‌ജറ്രിൽ കാർഷിക മേഖലയ്‌ക്കായി 11 ലക്ഷം കോടി രൂപയുടെ വായ്‌പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കുറിയിത് 12 ലക്ഷം കോടി രൂപയായി ഉയർത്തിയേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ, കേവലം ഇടക്കാല ബഡ്‌ജറ്റ് എന്നതിനപ്പുറം വിശാലമായ ബഡ്‌ജറ്ര് തന്നെയാകും ഇക്കുറി കേന്ദ്രസർക്കാർ അവതരിപ്പിക്കുകയെന്ന് അരുൺ ജയ്‌റ്ര്‌ലി നേരത്തേ വ്യക്തമാക്കിയിരുന്നു.
കർഷകർക്കുള്ള വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയ്‌ക്കുള്ള സബ്‌സിഡി ഡയറക്ട് ബെനഫിറ്ര് ട്രാൻസ്‌ഫർ (ഡി.ബി.ടി) സ്‌കീം പ്രകാരം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. വളം സബ്‌സിഡിയിൽ മാത്രം കേന്ദ്രസർക്കാരിന് 70,000 കോടിയോളം രൂപയുടെ ബാദ്ധ്യതയുണ്ട്. കർഷകർക്ക് വിള ഉത്‌പാദന ചെലവിനേക്കാൾ 50 ശതമാനം അധികം തുക മിനിമം സപ്പോർട്ട് പ്രൈസായി (എം.എസ്.പി) നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ബഡ്‌ജറ്രിൽ എം.എസ്.പിയിലും വർദ്ധന പ്രതീക്ഷിക്കാം.
സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (എം.എസ്.എം.ഇ) ആശ്വസിക്കാവുന്ന പ്രഖ്യാപനങ്ങൾ ബഡ്‌ജറ്രിൽ ഇടംപിടിച്ചേക്കും. ചെറുകിട സംരംഭങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പാ സഹായം ലഭ്യമാക്കുന്ന മുദ്രാ പദ്ധതിയുടെ നിലവിലെ ലക്ഷ്യം മൂന്ന് ലക്ഷം കോടി രൂപയുടെ വിതരണമാണ്. ഇത് നാല് ലക്ഷം കോടി രൂപയാക്കിയേക്കും. പൊതുമേഖലാ ബാങ്കുകൾക്കുള്ള മൂലധന സഹായം 41,000 കോടി രൂപയിൽ നിന്ന് 1.06 ലക്ഷം കോടി രൂപയിലേക്ക് കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഇതും, കാർഷിക, എം.എസ്.എം.ഇ മേഖലകൾക്ക് കൂടുതൽ പണലഭ്യത ഉറപ്പാക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.