ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 31000 കോടി കടമെടുത്ത് വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ഓൺലൈൻ പോർട്ടലായ കോബ്രാപോസ്റ്റ്. ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ എന്ന കമ്പനി 31000 കോടി രൂപ വായ്പയെടുത്ത് കടലാസ് കമ്പനികൾ വഴി പണം വിദേശത്തേക്ക് കടത്തിയെന്ന് തെളിയിക്കുന്ന തെളിവുകളാണ് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോബ്ര പോസ്റ്റ് പുറത്തുവിട്ടത്.
ഡി.എച്ച്.എഫ്.എൽ പ്രൊമോട്ടർമാർ രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് 31000 കോടിയോളം രൂപ പല കടലാസ് കമ്പനികളുടെയും പേരിൽ വായ്പയായും അഡ്വാൻസായും വാങ്ങിക്കൂട്ടി സ്വകാര്യ സ്വത്താക്കി എന്നാണ് കോബ്ര പോസ്റ്റിന്റെ ആരോപണം. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പാണ് ഇതെന്നും കോബ്ര പോസ്റ്റ് അവകാശപ്പെട്ടു.
മാത്രമല്ല ഡി.എച്ച്.എഫ്.എൽ ബി.ജെ.പിക്ക് 20 കോടി രൂപ സംഭാവന നൽകിയെന്നും കോബ്രാ പോസ്റ്റ് ആരോപിക്കുന്നു. കടലാസ് കമ്പനികളുടെ പേരിൽ തട്ടിയെടുത്ത പണം ഇതേ കമ്പനികളുടെ പേരിൽ തന്നെ വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇത് ഒരു സ്റ്റിംഗ് ഓപ്പറേഷൻ അല്ലെന്നും പൊതു ഇടങ്ങളിൽ ലഭ്യമായ രേഖകൾ ഉപയോഗിച്ചാണ് തങ്ങളീ അഴിമതി കണ്ടെത്തിയതെന്നും കോബ്ര പോസ്റ്റ് വ്യക്തമാക്കി. കോബ്രാ പോസ്റ്റിന്റെ എഡിറ്റർ അനിരുദ്ധ് ബാഹലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എസ്.ബി.ഐ ഉൾപ്പടെയുള്ള ബാങ്കുകളിൽ നിന്നാണ് ഡി.എച്ച്.എഫ്.എൽ ഇത്തരത്തില്‍ വായ്പകള്‍ വാങ്ങിക്കൂട്ടിയത്. ഏറ്റവും കൂടുതൽ പണം വായ്പയായി നൽകിയത് എസ്.ബി.ഐ ആണ്, 11,500 കോടി. രണ്ടാം സ്ഥാനത്തുള്ള ബാങ്ക് ഓഫ് ബറോഡ 5000 കോടിയാണ് വായ്പയായി നൽകിയത്. ഇത്തരത്തിൽ 37,000 കോടി രൂപ വായ്പയായി നേടിയിട്ടുണ്ടെന്നാണ് കോബ്ര പോസ്റ്റിന്റെ ആരോപണം.
കമ്പനിയുടെ 21,477 കോടി രൂപ വിവിധ കടലാസ് കമ്പനികളിലേക്ക് വായ്പകളായും നിക്ഷേപങ്ങളായും മാറ്റിയിട്ടുണ്ട്. ഇത് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ എല്ലാ നിർദ്ദേശങ്ങൾക്കും എതിരായാണെന്നും കോബ്രപോസ്റ്റ് പറയുന്നു. ആരോപണത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 12 ശതമാനത്തിലേറെ ഇടിഞ്ഞു.
യാതൊരു വിധ ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നതിനാലും, കമ്പനികളിൽ ഭൂരിഭാഗവും വ്യാജമാണെന്നതിനാലും 31000 കോടി രൂപ തിരിച്ചു പിടിക്കുക പ്രയാസമേറിയ കാര്യമാണെന്ന് കോബ്രപോസ്റ്റ് വ്യക്തമാക്കുന്നു.