ന്യൂഡൽഹി : സ്മാർട്ട് ഫോണുകളിലും ഗെയിമിംഗ് സോളുകളിലും ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ഗെയിമാണ് പബ്ജി (Players Unknown Battle Grounds ). ഡൽഹിയിൽ ഇന്ന് നടന്ന പരീക്ഷ പേ ചർച്ചയിലും ഇന്ന് ശ്രദ്ധ നേടിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പബ്‌ജി പരാമർശമായിരുന്നു.
അസാമിൽ നിന്നുള്ള മധുമിത സെൻ ഗുപ്ത എന്ന ഒൻപതാംക്ലാസ് വിദ്യാർത്ഥിയുടെ അമ്മയാണ് പബ്‌ജി ഗെയിമിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ എന്റെ മകൻ നല്ല വിദ്യാർത്ഥിയായിരുന്നു. പക്ഷേ മൊബൈൽ ഓൺലൈൻ ഗെയിം അവന്റെ പഠനത്തിന് ശല്യമാകുന്നു. അവന്‍റെ പഠനത്തിലെ മികവിനെ അദ്ധ്യാപകർ പ്രശംസിച്ചിട്ടുണ്ട്. എന്നാൽ മൊബൈൽ ഓൺലൈൻ ഗെയിമുകൾ അവനെ പഠനത്തിൽ നിന്ന് പിന്നോട്ടുവലിക്കുന്നു. ഈ പ്രശ്നം മറികടക്കാൻ ഒരു വഴിപറഞ്ഞുതരണം എന്നായിരുന്നു അമ്മയുടെ ചോദ്യം.
'ഈ പബ്ജിക്കാരാണോ പ്രശ്നം', എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. ഇതോടെ സദസിൽ നിന്ന് ചിരിയും കൈയടികളും ഉയർന്നു. പിന്നീട് പ്രധാനമന്ത്രി വിഷയത്തിലേക്ക് കടന്നു. നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യ നമ്മുടെ കുട്ടികളെ റോബോട്ടുകളാക്കി മാറ്റണോ, അതോ കൂടുതൽ നല്ല മനുഷ്യരാക്കാണോ എന്നത്. ഒരിക്കലും ടെക്നോളജി നിങ്ങളുടെ ചിന്തയെ ചുരുക്കാൻ ഇടവരുത്തരുത്, അത് നിങ്ങളുടെ ചിന്തയുടെ ചക്രവാളങ്ങൾ വികസിപ്പിക്കണം.ഓൺലൈൻഗെയിമുകൾ ഒരേസമയം നല്ലതും ദോഷവും ആണ്. നാം അവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നാം മുന്നോട്ടുകൊണ്ടുപോകുന്ന ഡിജിറ്റൽ ഇന്ത്യയിൽ നിന്നുള്ള പിന്നോട്ടുപോകലാകും അതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചിരിക്കാനും കളിക്കാനും പറ്റിയത് തുറസായ സ്ഥലങ്ങളാണ്, മൊബൈൽ ഗെയിം കളിക്കുന്ന കുട്ടികളുടെ ശീലത്തിനെ സൂചിപ്പിച്ച് മോദി പറഞ്ഞു. ഒപ്പം ടെക്നോളജിയുടെ ഒരോ പരിണാമവും മനസിലാക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും തയ്യാറാകണം. എങ്ങനെ അത് കുട്ടികൾക്ക് സഹായകരമാകും എന്ന് പറഞ്ഞുകൊടുക്കണമെന്നും മോദി പറഞ്ഞു.
അടുത്തിടെ ദേശീയ ബാലാവകാശ കമ്മിഷൻ പബ്ജി ദേശവ്യാപകമായി നിരോധിക്കാൻ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
രാജ്യത്തെ പരീക്ഷ കാലത്തിന് മുൻപ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായി സംവദിക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയാണ് പരീക്ഷ പേ ചർച്ച. കഴിഞ്ഞ തവണ ആരംഭിച്ച പരിപാടിയുടെ രണ്ടാം എഡിഷനാണ് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഇന്ന് നടന്നത്.