കൊച്ചി: കോൺഗ്രസ് നേതൃസംഘമത്തിനെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു, വേദിയിൽ കുറച്ച് കൂടി വനിതാ നേതാക്കൾ വേണമായിരുന്നു എന്ന്. എന്നാൽ വേദിക്ക് സമീപമുള്ള പ്രമുഖ വനിതകൾക്ക് വേദിയുടെ അടുത്ത് പോലും എത്താനായില്ല. കാരണം വേറൊന്നുമല്ല, എസ്.പി.ജി സുരക്ഷയുള്ള രാഹുൽ ഗാന്ധി വേദിയിൽ എത്തിയതിന് ശേഷം സദസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് പല നേതാക്കൾക്കും വിനയായത്. എല്ലാ വനിതാ നേതാക്കളെയും ആദ്യ ഗേറ്റ് കടത്തിവിട്ടെങ്കിലും വേദിയിലേക്ക് പ്രവേശിക്കാൻ എസ്.പി.ജിക്കാർ അനുവദിച്ചില്ല.
കൊച്ചി മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങി നിരവധി വനിതാ നേതാക്കളാണ് വേദിക്ക് പുറത്ത് നിന്ന് പ്രസംഗം കേൾക്കേണ്ടി വന്നത്. എം.പിമാർക്ക് പ്രവേശിക്കാനുള്ള ഗേറ്റിലൂടെ കടക്കാമെന്ന് കരുതിയെങ്കിലും പ്രവർത്തകർ തടിച്ചുകൂടിയതിനെ തുടർന്ന് ആ വഴിയും അടഞ്ഞ്. ഇതിനിടെ രാഹുൽ വനിതകളും കൂടി വേണമായിരുന്നെന്ന് പറഞ്ഞതോടെ പണി കിട്ടിയിരിക്കുകയാണ് നേതാക്കൾക്ക്.
കേരളത്തിൽനിന്നു വനിതാ സ്ഥാനാർഥികളും യുവാക്കളുടെ സാന്നിദ്ധ്യവും തിരഞ്ഞെടുപ്പുകളിലുണ്ടാകണമെന്ന പ്രവർത്തകരുടെ നിർദ്ദേശം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നു രാഹുൽ സൂചിപ്പിച്ചു. 2019ൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കുമെന്നും രാഹുൽ വ്യക്തമാക്കി.