മമ്മൂട്ടിയെയും പൃഥ്വിരാജും ഒരുമിച്ച വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരിരാജ. 2010ൽ ഇറങ്ങിയ ചിത്രം സൂപ്പർഹിറ്റായിരുന്നു.
പോക്കിരി രാജയുടെ രണ്ടാംഭാഗമായ മധുരരാജയുടെ ചിത്രീകരണം അണിയറയിൽ പുരോഗമിക്കുകയാണ്. മധുരരാജയിൽ പൃഥ്വിരാജും ഉണ്ടാകുമെന്ന് പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ഇതിന് താരം തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പോക്കിരിരാജ താൻ ഏറെ ആസ്വദിച്ചുചെയ്ത ചിത്രമായിരുന്നുവെന്നും അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞു. പക്ഷേ നിർഭാഗ്യത്തിന് ആരും തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പൃഥ്വി പറയുന്നു.
മമ്മൂട്ടിയുടെ സഹോദരനായിട്ടായിരുന്നു പോക്കിരിരാജയിൽ പൃഥ്വി എത്തിയത്. ഉദയ്കൃഷ്ണ - വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മധുരരാജ നിർമിക്കുന്നത് നെൽസണ്‍ ഐപ്പ് ആണ്. തമിഴ് താരം ജയ് മമ്മൂട്ടിയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് നടി സണ്ണി ലിയോണും ചിത്രത്തില്‍ ഒരു ഐറ്റം സോംഗിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ജഗപതി ബാബു, സിദ്ദിഖ്. അജു വര്‍ഗീസ്, അനുശ്രീ, ഷംന കാസീം, മഹിമ നമ്പ്യാർ , നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, ബിജുകുട്ടൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.