സുൽത്താൻ ബത്തേരി: വീട്ടുജോലിക്കാരിയായ പ്രായപൂർത്തിയാവാത്ത ഗോത്രവർഗത്തിൽ പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് പോക്‌സോ നിയമങ്ങൾ ചുമത്തി കേസെടുത്തു. സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.എം.ജോർജിനെതിരായാണ് കേസ്. ഒന്നര വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ജോർജിന്റെ വീട്ടിലെ ജോലിക്കാരാണ് പെൺകുട്ടിയും മാതാപിതാക്കളും.
ജോർജിന്റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉണ്ടെന്നും പൊലീസ് പറയുന്നു. ഇതിനിടയിൽ കേസ് ഒതുക്കിത്തീർക്കാൻ ജോർജ് ശ്രമിച്ചതായും ആരോപണമുണ്ട്. നിലവിൽ വയനാഡ് ഡി.സി.സി അംഗമായ ജോർജ് ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം. ബത്തേരി സി.ഐയാണ് കേസ് അന്വേഷിക്കുന്നത്.