തൊടുപുഴ: ഇലവീഴാപൂഞ്ചിറ വനമേഖലയിൽ നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ കമിതാക്കൾ രണ്ടാഴ്ചയ്ക്ക് ശേഷം പിടിയിലായി. മേലുകാവ് വല്യാറ്റിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ജോർജിയും (23), കുമളി സ്വദേശിയായ പെൺകുട്ടിയുമാണ് ഇന്നലെ പുലർച്ചെ മലയിറങ്ങാനുള്ള ശ്രമത്തിനിടെ പിടിയിലായത്. പുലർച്ചെ അഞ്ചരയോടെ രണ്ട് ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്ന് കോളപ്ര ഭാഗത്തേക്ക് വരുന്നവഴി ഇരുവരും പൊലീസിന്റെ മുമ്പിൽപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ ഇരുവരും രണ്ട് വഴിക്ക് ഓടി മറഞ്ഞു.
പെൺകുട്ടി ശരംകുത്തി ഭാഗത്തുള്ള ഒരു വീട്ടിലെത്തി പുറകുവശത്തെ വാതിലിൽ മുട്ടിവിളിച്ച് കുടിവെള്ളം ആവശ്യപ്പെട്ടു. തീർത്തും അവശനിലയിലായിരുന്ന കുട്ടിക്ക് വീട്ടുകാർ ഭക്ഷണം നൽകിയശേഷം വിശ്രമിക്കാനുള്ള സൗകര്യവും നൽകി. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ ആറിനാണ് പള്ളിയിലേക്ക് പോയ പെൺകുട്ടിയെ കാണാതായത്. മേലുകാവ് സ്വദേശിയുടെ കൂടെയാണ് കുട്ടി പോയതെന്ന പിതാവിന്റെ പരാതിയെ തുടർന്ന് കുമളി പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തു. കോടതി നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹൻ കുമളി പൊലീസ് ഇൻസ്‌പെക്ടർ കെ.ബി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
പ്രതിയെ അന്വേഷിച്ച് മേലുകാവിലെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ച് കഴിയുന്നതായി സൂചന ലഭിച്ചു. യുവാവിന്റെ ബൈക്ക് കോളപ്ര അടൂർമല ഭാഗത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് മുപ്പത്തിയഞ്ചോളം പൊലീസുകാരും നൂറോളം നാട്ടുകാരും ചേർന്ന് ഇലവീഴാപൂഞ്ചിറ ഭാഗത്ത് തിരച്ചിൽ ആരംഭിച്ചത്. രണ്ടാഴ്ചയിലേറെ പ്രദേശം അരിച്ചുപെറുക്കിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഇടുക്കിയിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. വനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി പെൺകുട്ടിയുടെ ബാഗ്, വസ്ത്രങ്ങൾ, ഒരു മൊബൈൽ ഫോൺ, പാത്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. ജോർജി ഇടയ്ക്കിടെ ആഹാരസാധനങ്ങൾ ശേഖരിക്കാൻ കാടിറങ്ങാറുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ സമീപവാസികളായ നാട്ടുകാരുടെ വാട്സ് ആപ്പുകളിലേക്ക് പൊലീസ് ഇരുവരുടേയും ചിത്രങ്ങൾ സഹിതം ജാഗ്രത സന്ദേശവും നൽകിയിരുന്നു. കാഞ്ഞാർ സ്റ്റേഷനിലെത്തിച്ച ഇരുവരെയും പിന്നീട് കുമളി പൊലീസിന് കൈമാറി. ഹേബിയസ് കോർപ്പസ് ഹർജിയുള്ളതിനാൽ പെൺകുട്ടിയെ ഹൈക്കോടതിയിലും ജോർജിയെ പീരുമേട് കോടതിയിലും ഹാജരാക്കി.