crime

തൊടുപുഴ: നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി ഇലവീഴാപൂഞ്ചിറ വനമേഖലയിൽ വിഹരിച്ച കമിതാക്കളെ ഒടുവിൽ പൊലീസ് പിടികൂടി. മേലുകാവ് വല്യാറ്റിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ജോർജിയും (23), കുമളി സ്വദേശിയായ പെൺകുട്ടിയുമാണ് വീട്ടുകാരറിയാതെ വനത്തിലേക്ക് ഒളിച്ചോടിയത്. ജനുവരി ആറിനാണ് പള്ളിയിലേക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കാണാതാവുന്നത്. തുടർന്ന് പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കുമളി പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടി യുവാവുമൊത്ത് വനത്തിൽ കയറി എന്ന സൂചന പൊലീസിന് അന്വേഷണത്തിൽ ലഭിച്ചിരുന്നു. അതേസമയം മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

തുടർന്ന് മുപ്പത്തിയഞ്ചോളം പൊലീസുകാരും നൂറോളം നാട്ടുകാരും ചേർന്ന് ഇലവീഴാപൂഞ്ചിറ ഭാഗത്ത് തിരച്ചിൽ ആരംഭിച്ചു. രണ്ടാഴ്ചയിലേറെ വന പ്രദേശം അരിച്ചുപെറുക്കിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഇത് കൂടാതെ ഇടുക്കിയിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. വനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെൺകുട്ടിയുടെ ബാഗ്, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, പാത്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച നീണ്ട വനവാസത്തിന് ശേഷം പെൺകുട്ടിയുമായി പുലർച്ചെ മല ഇറങ്ങുന്നതിനിടെയാണ് ഇവർ പൊലീസിന് മുൻപിൽ പെട്ടത്. തുടർന്ന് ഇരു ഭാഗങ്ങളിലേക്കുമായി ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

കമിതാക്കൾ രണ്ടാഴ്ച വനത്തിലെ പാറയിടുക്കുകളിലും വൻ മരങ്ങളുടെ ചുവട്ടിലുമായാണ് കഴിഞ്ഞത്. മരം കയറാൻ വിദഗ്ദ്ധനായ അപ്പുക്കുട്ടൻ ഇടയ്ക്കിടെ നാട്ടിലിറങ്ങി ശേഖരിക്കുന്ന കരിക്ക്, മാങ്ങ, തേങ്ങ, ആളില്ലാത്ത പുരയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന കപ്പ, വാഴക്കുല എന്നിവയൊക്കെ ഭക്ഷിച്ചാണ് ഇരുവരും വിശപ്പടക്കിയിരുന്നത്. ഇന്നലെ പിടിയിലാകുമ്പോൾ ഇയാളുടെ കൈയിലെ ചാക്കുകെട്ടിൽ കപ്പയും മഞ്ഞളും ഉണ്ടായിരുന്നു.


പെൺകുട്ടിയുമായി വനത്തിലേക്ക് കടന്ന അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ജോർജി ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി പെൺകുട്ടികൾ അപ്പുക്കുട്ടന്റെ വലയിൽ വീണിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാക്ക് പറിക്കാൻ കുമളിയിലെത്തിയപ്പോഴാണ് ഈ പരമ്പരയിലെ അവസാന ഇരയെ വലയിലാക്കിയത്. ചിങ്ങവനം, കാഞ്ഞാർ സ്റ്റേഷനുകളിലെ നിരവധി പീഡന കേസുകളിലും ഇയാൾ പ്രതിയാണ്.