accident

എഴുകോൺ: കൊല്ലം ജില്ലയിലെ എഴുകോണിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മദ്ധ്യവയസ്‌കരായ ദമ്പതികൾ മരിച്ചു. അമ്പലത്തുംകാല കാക്കാക്കോട്ടൂർ പാലവിള പുത്തൻവീട്ടിൽ യോഹന്നാൻ (60), ഭാര്യ അന്നമ്മ യോഹന്നാൻ (57, ലില്ലിക്കുട്ടി) എന്നിവരാണ് മരിച്ചത്.

പാചകവാതക സിലിണ്ടറും സ്റ്റൗവും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബിൽ എലി കരണ്ട് ഉണ്ടായ സുഷിരത്തിൽ കൂടി വാതകം ചോർന്നതാണ് അമ്പലത്തുംകാലയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയത്. അടുക്കളയിൽ ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടിട്ടും വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായി. ട്യൂബിൽ ഉണ്ടായ ചോർച്ച ശ്രദ്ധയിൽപ്പെടാത്തതിനാൽ സ്റ്റൗ കത്തിച്ചപ്പോൾ അടുക്കളയിൽ തിങ്ങി നിന്ന വാതകത്തിന് തീ പടരുകയായിരുന്നു.

ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. യോഹന്നാനും അന്നമ്മയും അടുക്കളയിൽ നിൽക്കുമ്പോൾ ഉഗ്രസ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 3 മണിയോടെ അന്നമ്മയും 6 മണിയോടെ യോഹന്നാനും മരിച്ചു. മകൻ ജോമോൻ മുകളിലത്തെ നിലയിലായിരുന്നതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
സ്‌ഫോടനത്തിൽ അടുക്കള ഉൾപ്പെടെ മൂന്ന് മുറികൾ പൂർണമായി തകർന്നു. സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്ന് അടുക്കളയിൽ പരന്നിരിക്കാമെന്നും വീട്ടുകാർ ലൈറ്റ് ഇടുകയോ സ്റ്റൗ കത്തിക്കാൻ ശ്രമിക്കുകയോ ചെയ്തപ്പോൾ തീ പടർന്ന് സ്‌ഫോടനം ഉണ്ടായതാകാമെന്നും പൊലീസ് പറഞ്ഞു.