തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ അർദ്ധരാത്രി റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല നടപടിക്ക് സാദ്ധ്യത. സ്ഥലം മാറ്റുകയോ ചൈത്രയോട് വിശദീകരണം ആവശ്യപ്പെടുകയോ ചെയ്യുകയുമാണ് നിലവിൽ പരിഗണനയിലുള്ള നടപടികൾ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇന്ന് അന്തിമ തീരുമാനമെടുക്കും.
വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഡി.ജി.പി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയിരുന്നു. സർക്കാരിന് മുന്നിൽ ഡി.ജി.പി സമർപ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ചൈത്രക്കെതിരെ ഒരു വിധേനയുള്ള നടപടികളും ശുപാർശ ചെയ്യുന്നില്ല. നിയമപ്രകാരമാണ് റെയ്ഡ് നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കരുത് എന്ന നിലപാടിലാണ് ഐ.പി.എസ് തലത്തിലുള്ളത്.
അതേസമയം സി.പി.എം ഓഫിസിൽ റെയ്ഡ് നടത്തിയ എസ്.പി ചൈത്രക്കെതിരായ നടപടി സംബന്ധിച്ച് നിയമോപദേശം തേടാനാണ് സർക്കാർ തീരുമാനം. എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ നടപടി സാധ്യമാണോ എന്നതാവും പരിശോധിക്കുക. ചൈത്രക്കെതിരെ നടപടി വേണമെന്ന ആവശ്യം സി.പി.എം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടുന്നത്.
എന്നാൽ ചൈത്രയെ ന്യായീകരിക്കുന്ന എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഎമ്മിൽ അമർഷം തുടരുകയാണ്. ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. എഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് ശുപാർശകളില്ലാത്ത റിപ്പോർട്ടിനെതിരെ നടപടി സ്വീകരിച്ചാൽ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ഇത് സർക്കാരിനെ വിവാദത്തിലാക്കുകയും ചെയ്യും. ഐ.പി.എസ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ആദ്യ ഘട്ടത്തിൽ കമ്മീഷണറെ അന്വേഷണം ഏൽപ്പിക്കാനായിരുന്നു തീരുമാനം എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് ഉന്നത ഉദ്യോഗസ്ഥൻ തന്നെ അന്വേഷണം നടത്തണമെന്ന നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന് ചുമതല നൽകിയത്.
മെഡിക്കൽ കോളജ് ആക്രമണ കേസിൽ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളിച്ചിരുന്നതായി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഡി.സി.പി ചൈത്ര തെരേസ ജോൺ എ.ഡി.ജി.പി മനോജ് എബ്രാഹാമിനെ അറിയിച്ചിട്ടുണ്ട്. ഈ വിശദീകരണവും റിപ്പോർട്ടിലുണ്ടാവും. കൃത്യമായ വിവരം ലഭിച്ചിട്ടും പ്രതികൾ രക്ഷപ്പെട്ടത് പൊലീസുകാരിൽ നിന്നും തന്നെ രഹസ്യം ചോർന്നതിനെ തുടർന്നാണെന്ന് സേനയ്ക്കുള്ളിൽ തന്നെ ആക്ഷേപം ഉയരുകയാണ്.
പൊലീസ് സ്റ്രേഷന് നേരെ കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിന് പിന്നാലെ ചൈത്രയെ സ്ഥലം മാറ്റുകയും ചെയ്തു. ചൈത്ര തെരേസ ജോണിന് താല്കാലിക ഡി.എസ്.പിയുടെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥയെ തിരികെ വനിതാ സെൽ എസ്പിയുടെ ചുമതലയിലേക്ക് നിയമിക്കുകയും ചെയ്തു. ശേഷം അവധിയിലായിരുന്ന ഡി.സി.പി ആർ.ആദിത്യയയുടെ അവധി റദ്ദാക്കി സർക്കാർ തിരികെ വിളിക്കുകയും ചെയ്തു.
അമ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘമായി ചേർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് നേരെ ബുധനാഴ്ച രാത്രി കല്ലെറിയുകയും മുഖ്യപ്രതികൾ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി ചൈത്ര പൊലീസ് സംഘവുമായി സിപിഎം ഓഫീസിലെത്തി റെയ്ഡ് നടത്തിയത്.
ആദ്യം പാർട്ടി പ്രവർത്തകർ പൊലീസിനെ തടയുകയായിരുന്നു. റെയ്ഡ് നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു ചൈത്ര. തുടർന്ന് ഉന്നത നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്താൻ പ്രവർത്തകർ പൊലീസിനെ അനുവദിച്ചത്. തർക്കത്തിനിടയിൽ പ്രതികളെ പാർട്ടി പ്രവർത്തകർ രക്ഷപ്പെടുത്തിയെന്നും പൊലീസ് വൃത്തങ്ങൾ ആരോപിക്കുന്നു. റെയ്ഡിൽ ആരെയും പിടികൂടാൻ സാധിക്കാത്തതിനെ തുടർന്ന് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ഡിസിപിയെ അടിയന്തരമായി സ്ഥലം മാറ്റിയത്.