തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ അർദ്ധരാത്രി റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല നടപടിക്ക് സാദ്ധ്യത. സ്ഥലം മാറ്റുകയോ ചൈത്രയോട് വിശദീകരണം ആവശ്യപ്പെടുകയോ ചെയ്യുകയുമാണ് നിലവിൽ പരിഗണനയിലുള്ള നടപടികൾ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇന്ന് അന്തിമ തീരുമാനമെടുക്കും. എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തിൽ നിയമോപദേശം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചൈത്രയ്‌ക്കെതിരെ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട് നേരത്തെ ഡി.ജി.പി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിൽ ചൈത്രക്കെതിരെ ഒരു വിധേനയുള്ള നടപടികളും ശുപാർശ ചെയ്യുന്നില്ല. നിയമപ്രകാരമാണ് റെയ്ഡ് നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ചൈത്രക്കെതിരായ നടപടി സംബന്ധിച്ച് നിയമോപദേശം തേടാനാണ് സർക്കാർ തീരുമാനം. എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ നടപടി സാധ്യമാണോ എന്നതാവും പരിശോധിക്കുക. ചൈത്രക്കെതിരെ നടപടി വേണമെന്ന ആവശ്യം സി.പി.എം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടുന്നത്.
എന്നാൽ ചൈത്രയെ ന്യായീകരിക്കുന്ന എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെതിരെ സി.പി.എമ്മിൽ അമർഷം തുടരുകയാണ്. ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് സമർപ്പിച്ച ശുപാർശകളില്ലാത്ത റിപ്പോർട്ടിൽ നടപടി സ്വീകരിച്ചാൽ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ഇത് സർക്കാരിനെ വിവാദത്തിലാക്കുകയും ചെയ്യും. ഐ.പി.എസ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.