കൊച്ചി: സ്വർണവില സർവ്വകാല റെക്കാഡിൽ. പവന് 200 രൂപ കൂടിയതോടെ 24,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,075 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില ഗ്രാമിന് 3050 രൂപയായിരുന്നു. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതും, വിവാഹസീസൺ അടുത്തതുമാണ് നിരക്ക് ഉയരാൻ കാരണമായി കണക്കാക്കുന്നത്. ജനുവരി 18ന് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കാഡിന് തൊട്ടടുത്തെത്തിയിരുന്നു. 80 രൂപ വർദ്ധിച്ച് 24,200 രൂപയായിരുന്നു പവന് വില. ഗ്രാമിന് പത്തു രൂപ ഉയർന്ന് വില 3,025 രൂപയായി.
2012 സെപ്‌തംബറിൽ പവൻ രേഖപ്പെടുത്തിയ 24,240 രൂപയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് അന്ന് വില 3,030 രൂപയായിരുന്നു. ഡോളറിനെതിരെ രൂപ നേരിട്ട കനത്ത തളർച്ചയും ഇറക്കുമതി വിലയിലുണ്ടായ വർദ്ധനയുമാണ് സ്വർണ വിലക്കുതിപ്പിന് പ്രധാന കാരണം. വിവാഹ ആവശ്യകത വർദ്ധിച്ചതും, രൂപയുടെ മൂല്യത്തകർച്ചയും, അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ വർദ്ധനയുമാണ് സ്വർണവില റെക്കാഡ് നിലവാരത്തിലേക്ക് ഉയരാൻ ഇടയാക്കിയ മറ്റ് കാരണങ്ങൾ.