ന്യൂഡൽഹി: രാജ്യത്തെ തൊഴിൽ ലഭ്യതയുമായി ബന്ധപ്പെട്ട സർവ്വേ റിപ്പോർട്ട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ രണ്ട് അംഗങ്ങൾ രാജിവച്ചു. സ്വതന്ത്ര അംഗങ്ങളായ പി.സി മോഹനൻ, ജെ.വി മീനാക്ഷി എന്നിവരാണ് രാജിവച്ചത്. ഇവരിൽ മോഹനൻ കമ്മിഷന്റെ ആക്ടിംഗ് ചെയർമാനാണ്. തൊഴിൽ ലഭ്യതയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ മാസം തന്നെ തയ്യാറാക്കിയിരുന്നു. എന്നാൽ ഇത് കേന്ദ്രസർക്കാർ പുറത്തുവിട്ടിരുന്നില്ല.
ഇരുവരും രാജിവച്ചതോടെ എക്സ് ഒഫീഷ്യോ അംഗങ്ങളായ അമിതാഭ് കാന്തും ചീഫ് സ്റ്റാസ്റ്റീഷ്യൻ പ്രവീൺ ശ്രീവാസ്തവയും മാത്രമാണ് ഇനി കമ്മീഷനിലുള്ളത്. കമ്മിഷനിൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് രാജിവച്ചതെന്നും റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് ഒരു കാരണമാണെന്നും പി.സി മോഹനൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജനുവരി 28ന് മോഹനൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ മീനാക്ഷിയും രാജിവയ്ക്കുകയായിരുന്നു.
അതേസമയം, റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള അനുമതി കമ്മിഷൻ നൽകിയെങ്കിലും എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് അറിയില്ലെന്നും മോഹനൻ വ്യക്തമാക്കി. രാജിവച്ചവർക്ക് 2020വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇരുവരുടെയും രാജി കേന്ദ്രസർക്കാരിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.