അയ്യപ്പ വിശ്വാസങ്ങൾ ഭഞ്ജിച്ചവരുടെ അടുത്ത ലക്ഷ്യം പദ്മനാഭസ്വാമി ക്ഷേത്രമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ഇതിനായുള്ള ഗൂഢാലോചനകൾ അണിയറയിൽ നടക്കുന്നുണ്ടെന്നും, ഇത് സംബന്ധിച്ചുള്ള ആലോചനകളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം, നിലവിലുള്ള കേസിലെ മുഴുവൻ കക്ഷികളുടെയും വാദം കേട്ടതിനു ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച തീരുമാനം വേഗത്തിലാക്കണമെന്ന സർക്കാർ ആവശ്യത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന നിലപാടിൽ തിരുവിതാംകൂർ രാജകുടുംബം ഉറച്ചുനിന്നു. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലാണ് ഇന്നലെ അന്തിമവാദം ആരംഭിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അയ്യപ്പ വിശ്വാസ ഭഞ്ജകരുടെ അടുത്ത ടാർജറ്റ് ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണെന്ന് ഉറപ്പായി. വരും ദിവസങ്ങളിൽ അത് കൂടുതൽ ബോധ്യമാവും. അതിനുള്ള ഗൂഡാലോചന തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ലാഭം എന്നുള്ളത് പത്മനാഭന്റെ കാര്യത്തിൽ പിണറായിക്കും കടകമ്പള്ളിക്കും നന്നായി അറിയാം. കോടതിയിലും സർക്കാർ തലത്തിലും ഈ ഗൂഡാലോചന മണക്കുന്നുണ്ട്. കരുതിയിരിക്കുക കഴുകൻ വട്ടമിട്ടു പറക്കുന്നുണ്ട്.