വയനാട്: വീട്ടുജോലിക്കാരിയായ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് ഒ.എം.ജോർജ്ജിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് കുറ്റാരോപിതനായ ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം അറിയിച്ചത്. ജോർജിനെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ജില്ലാതലത്തിലും ബ്ലോക്ക് മണ്ഡലം കമ്മിറ്റി അംഗങ്ങളോടും അന്വേഷണം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചക്ക് മുൻപ് തന്നെ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം പാർട്ടി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ജോർജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ നടപടി ഉണ്ടാകുമെന്നും കുറ്റക്കാർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇത് കോൺഗ്രസിന്റെ സ്ഥിരം പരിപാടികളാണെന്നും അതിലൊന്ന് പുറത്ത് വന്നതാണെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
വീട്ടുജോലിക്കാരിയായ പ്രായപൂർത്തിയാവാത്ത ഗോത്രവർഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് പോക്‌സോ നിയമങ്ങൾ ചുമത്തി കേസെടുത്തിരുന്നു. സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഒ.എം.ജോർജ്ജ്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ജോർജിന്റെ വീട്ടിലെ ജോലിക്കാരാണ് പെൺകുട്ടിയും മാതാപിതാക്കളും.സംഭവം പുറത്തറിഞ്ഞതോടെ ഒ.എം.ജോർജ്ജ് ഒളിവിൽ പോയിരിക്കുകയാണ്.