kerala-election

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കേന്ദ്രത്തിൽ അധികാരം നിലനിർത്താൻ പദ്ധതികൾ ആവിഷ്കരിക്കുന്ന ബി.ജെ.പി ദക്ഷിണേന്ത്യ പിടിച്ചെടുക്കാനും നീക്കമുണ്ട്. ഇതിൽ കേരളം ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം കൂടുതൽ പരിഗണന നൽകുന്നത്. ശബരിമല വിഷയം ആളിക്കത്തിച്ച് വോട്ടാക്കി കേരളത്തിലെ തിരഞ്ഞെടുപ്പ് നേരിടാനായിരുന്നു ബി.ജെ.പിയുടെ ആദ്യത്തെ പദ്ധതി.

ഇപ്പോഴിതാ ത്രിപുരയിലും ഉത്തർപ്രദേശിലും പരീക്ഷിച്ച് വിജയം നേടിയെടുത്ത 'പഞ്ചരത്ന' കേരളത്തിൽ ആവിഷ്കരിക്കാൻ ആർ.എസ്.എസ് പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന ആർ.എസ്.എസ് ബൈഠക്കിൽ ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്. ആർ.എസ്.എസ് ദേശീയ സംഘടനാ സെക്രട്ടറിമാരിൽ കേരളത്തിന്റെ ചുമതലയുള്ളയാളാണ് പഞ്ചരത്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ബൂത്ത് തലത്തിൽ പ്രവർത്തനം ഊർജിതമാക്കി പരമാവധി വോട്ടു സമാഹരിക്കുകയാണ് പഞ്ചരത്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ മണ്ഡലത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആർ.എസ്.എസ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ മണ്ഡലം അടിസ്ഥാനത്തിൽ ശക്തി കേന്ദ്രങ്ങൾ കണ്ടെത്തി അവയെ കൂടുതൽ ഊർജ്ജിതമാക്കലാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ബൂത്തുകൾ രൂപീകരിക്കാത്തയിടങ്ങളിൽ അടിയന്തിരമായി ബൂത്തുകൾ രൂപീകരിക്കും. ബൂത്ത് തലത്തിൽ പഞ്ചരത്ന സമിതിയുടെ നേതൃത്വത്തിൽ ശക്തി കേന്ദ്രങ്ങൾ പ്രവർത്തിക്കും. സംഘപരിവാറുമായി ബന്ധപ്പെട്ടുള്ള എല്ലാ സംഘടനകളിൽ നിന്നുമുള്ള അംഗങ്ങൾ പഞ്ചരത്നയിൽ ഉണ്ടാവും.

കേരളത്തെ ത്രിപുര മോഡലിലാക്കാൻ ആർ.എസ്.എസ്, "പഞ്ചരത്ന" പദ്ധതി പുറത്തെടുക്കാൻ നീക്കം. ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ഗൃഹസമ്പർക്കം, അനുഭാവികളുടേയും പ്രവർത്തകരുടേയും വീടുകളിൽ ബി.ജെ.പിയുടെ പതാകയും സ്റ്റിക്കറും വയ്ക്കുക തുടങ്ങിയ പരിപാടികളാണ് ശക്തികേന്ദ്രങ്ങൾ വഴി ചെയ്യുക. അനുവദിക്കുന്നവരുടെ വീടുകളിലും പതാക വയ്ക്കാനും സ്റ്റിക്കർ ഒട്ടിക്കാനും ആർ.എസ്.എസ് ബൈഠകിൽ നിർദ്ദേശം നൽകി. യുവമോർച്ച പ്രവർത്തകരെ ഉൾപ്പെടുത്തി ബൈക്ക് റാലി, ഫെബ്രുവരി 28ന് രണ്ടോ മൂന്നോ ശക്തി കേന്ദ്രങ്ങളെ ഒന്നിച്ച് ചേർത്തുകൊണ്ട് പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ്, ഫെബ്രുവരി 13ന് ശബരിമലവിഷയത്തിൽ സത്യാഗ്രഹ സഭ തുടങ്ങിയവയാണ് മറ്റ് പരിപാടികൾ.