ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ ശ്രീരാമനാക്കി ചിത്രീകരിച്ചുകൊണ്ട് പാട്നയിൽ പുറത്തിറക്കിയ പോസ്റ്റർ വിവാദത്തിൽ. കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബി.ജെ.പി വിമർശിച്ചിരുന്നു. രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമായിട്ടാണ് ഇപ്പോൾ പാർട്ടി അദ്ധ്യക്ഷനെ രാമന്റെ വേഷത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സമ്പിത് പത്ര ആരോപിച്ചു.
വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ശ്രീരാമന്റെ എല്ലാ ഗുണങ്ങളും ഉള്ള വ്യക്തി തന്നെയാണ് രാഹുൽ എന്നും രാമന്റെ പേര് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയല്ല രാഹുലെന്നും പട്നയിലെ കോൺഗ്രസ് നേതാവ് വിജയ് കുമാർ പ്രതികരിച്ചു. കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെയടക്കം ഉൾക്കൊള്ളിച്ചായിരുന്നു പോസ്റ്റർ. പോസ്റ്ററിൽ ശ്രീരാമന്റെ വേഷത്തിലാണ് രാഹുലിനെ ചിത്രീകരിച്ചിരിക്കുന്നത്. കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റേയും ചിത്രം പോസ്റ്ററിലുണ്ട്.
'ബി.ജെ.പി റാം റാം എന്ന് മുദ്രാവാക്യം വിളിക്കുന്നു. താങ്കൾ ശ്രീരാമനെപ്പോലെ ജീവിക്കുന്നു'എന്നായിരുന്നു പോസ്റ്ററിന് താഴെ കുറിച്ചിരിക്കുന്ന വാചകങ്ങൾ. പാട്നയിൽ നടക്കുന്ന ജൻ ആകാൻഷ റാലിക്ക് മുന്നോടിയായിട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.