മലയാള സിനിമയിൽ ഏറ്റവുമധിക ചർച്ച ചെയ്ത ചിത്രമാണ് രണ്ടാമൂഴം. എം.ടിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോനാണ് ചിത്രം പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായി ബി.ആർ ഷെട്ടിയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. രണ്ടാമൂഴം പ്രഖ്യാപിച്ച് മൂന്ന് വർഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്തതിനെ തുടർന്ന് സംവിധായകനിലെ വിശ്വാസം നഷ്ടപ്പെട്ടെന്ന് കാണിച്ച് എം.ടി വാസുദേവൻ നായർ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ശ്രീകുമാർ മേനോനും എംടി വാസുദേവൻ നായരും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിർമ്മാതാവ് ബി.ആർ.ഷെട്ടിയും പ്രൊജക്ടിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് രണ്ടാമൂഴം അനിശ്ചിതത്വത്തലാവുകയായിരുന്നു.
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടാമൂഴം യാഥാർത്ഥ്യമാകാൻ പോകുകയാണ്. വ്യവസായി പ്രമുഖനായ ഡോ.എസ്.കെ. നാരായണൻ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തെന്നാണ് വിവരം. ഇതേ കുറിച്ച് ജോമോൻ പുത്തൻപുരയ്ക്കലാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. അവസാന ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആയിരം കോടി രൂപ ചിലവിൽ തന്നെയാകും ചിത്രം നിർമ്മിക്കുക എന്നുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഉടൻ തന്നെ ചിത്രത്തിന്റെ കരാറുകൾ ഒപ്പുവെക്കുമെന്നാണ് സൂചന. ശ്രീകുമാർ മേനോനും എസ്.കെ നാരായണനും ഒപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചായിരുന്നു ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വർക്കലയിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. അതേസമയം എം.ടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് നൽകിയ കേസ് കോടതിയിൽ നിലനിൽക്കെ സംരംഭം എങ്ങനെ വീണ്ടും ആരംഭിക്കും എന്ന ചോദ്യം ഉയരുകയാണ്.