crime

കൊല്ലം: മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്ത് യുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം ചതിയിലൂടെ ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ കൊല്ലം ഈസ്റ്ര് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ ടി.ആർ.എ (94) ശ്രീവിലാസത്തിൽ സുജിത്താണ് അറസ്റ്റിലായത്.

കഴിഞ്ഞവർഷം ആദ്യം തുടങ്ങിയ തട്ടിപ്പിന്റെ പരമ്പരയ്‌ക്കൊടുവിൽ വ്യാജരേഖ ചമച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് യുവാവിന്റെ അറസ്റ്റിൽ കലാശിച്ചത്. എം.ടെക് സോഫ്റ്റ് വെയർ എൻജിനീയർ എന്ന നിലയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ വീട്ടുകാരുമായി സുജിത്ത് അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി 23ന് വിവാഹ നിശ്ചയവും നടന്നു. അന്ന് ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് യുവതി ഭാവി വരന് സമ്മാനിച്ചു. തുടർന്ന് അഞ്ച് തവണകളായി 5.99 ലക്ഷം രൂപയും ഒരു ടാബും യുവതിയുടെ വീട്ടുകാരിൽ നിന്ന് കൈപ്പറ്റി. അമ്മയുടെ ചികിത്സാ ചെലവിനെന്ന പേരിലാണ് പല തവണയും പണം വാങ്ങിയത്. ടാബ് യുവതിയുടെ പക്കൽ നിന്ന് താത്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം തിരികെ നൽകിയില്ല.

ഭാവി മരുമകനായതുകൊണ്ടും ആവശ്യം ന്യായമാണെന്ന് ധരിച്ചുമാണ് യുവതിയുടെ രക്ഷിതാക്കൾ പണം നൽകിയത്. എന്നാൽ തൃശൂർ കളക്ടറേറ്റിൽ ഓഫീസ് അസിസ്റ്റന്റായി നിയമനം കിട്ടിയെന്ന് കാണിച്ച് കഴിഞ്ഞ ഒക്‌ടോബർ 23ന് സുജിത്ത് യുവതിയെ വിവരം അറിയിച്ചു. പിന്നാലെ വാട്ട്സ് ആപ്പിൽ നിയമന ഉത്തരവും അയച്ചു കൊടുത്തു. യുവതിയുടെ അടുത്ത ബന്ധു കളക്ടറേറ്റിൽ ജോലി ചെയ്യുന്നതിനാൽ അവർ നടത്തിയ അന്വേഷണത്തിൽ നിയമന ഉത്തരവ് വ്യാജമാണെന്ന് തെളിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയില്ല. പകരം വിവാഹം നടക്കില്ലെന്നും വാങ്ങിയ പണവും സ്വർണവും തിരികെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

പണം നൽകാതെ ഒഴിവുകൾ പറഞ്ഞ് പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവതിയുടെ മാതാവ് കൊല്ലം ഈസ്റ്ര് പൊലീസിന് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമം 420 (വഞ്ചന), 468 (കബളിപ്പിക്കണെമന്ന ഉദ്ദേശത്തോടെ തെറ്റായ വിവരങ്ങൾ നൽകിയുള്ള നീക്കങ്ങൾ), 471 (വ്യാജ രേഖ ചമയ്ക്കൽ) കേരളാ പൊലീസ് ആക്ട് 120(ഒ) (വിവിധ ആശയവിനിമയ മാർഗങ്ങളിലൂടെ ഒരാളെ പിന്തുടർന്ന് നിരന്തരമായി ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സുജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം ഈസ്റ്ര് സി.ഐ എസ്.മഞ്ചുലാലാണ് കേസ് അന്വേഷിച്ചത്.